കാസർഗോഡ്: റേഷൻ വിതരണത്തിലെ തടസ്സങ്ങൾ മാറ്റി വിതരണം 100 ശതമാനത്തിൽ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കാസർഗോഡ് അതിഥി മന്ദിരത്തിൽ ചേർന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആമുഖ ഭാഷണം നടത്തുകയായിരുന്നു മന്ത്രി. നിലവിൽ 85 ശതമാനം ബി പി എൽ കാർഡ്‌കാർക്കും ഈ മാസത്തെ റേഷൻ വാങ്ങി കഴിഞ്ഞു എന്നും അടുത്ത മാസത്തെ ഭക്ഷ്യവിതരണത്തിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു. കെ സ്റ്റോർ പ്രവർത്തനം മലയോര മേഖലയിൽ കൂടി ശക്തമാക്കാൻ സാധിക്കണം.
കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ മലയോര മേഖലയിൽ പട്ടിക വർഗ്ഗ വിഭാഗക്കാർക്കും മറ്റും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും എല്ലാം ഭക്ഷ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കാൻ സാധിക്കണമെന്നും ഒരു കുടുംബത്തിന് പോലും ഭക്ഷ്യ വസ്തുക്കൾ കിട്ടാത്ത അവസ്ഥ ഉണ്ടാകരുത് എന്നും മന്ത്രി പറഞ്ഞു. ഏറ്റവും പ്രശ്നങ്ങൾ നിറഞ്ഞ റേഷൻ കടകൾ കണ്ടെത്തി പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. സപ്ലൈകോയുടെ 13 ഇനം ഉത്പന്നങ്ങളും മുഴുവൻ സപ്ലൈ കോ ഔട്ട്‌ലറ്റുകളും ഉറപ്പാക്കാൻ കഴിയണം എന്നും ഗ്രാമ പ്രദേശങ്ങളിലെ ഔട്ട്ലറ്റ്കളിലും മുഴുവൻ ഉത്പന്നങ്ങളും ഉറപ്പാക്കാൻ ശ്രദ്ധ ആവശ്യമുണ്ട് എന്നും മന്ത്രി പറഞ്ഞു.