പന്തീരാങ്കാവ് : ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗസല്യ യോജന പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശീലന കേന്ദ്രം ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. എഡ്യുസ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് പന്തീരാങ്കാവില്‍ നടത്തുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. തുടര്‍ന്ന് 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ചയാണ് ഭക്ഷ്യവിഷബാധയേറ്റത്. പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ട്രെയിനിങ് സെന്ററും നാലാം നിലയില്‍ ഗേള്‍സ് ഹോസ്റ്റലുമാണ്. താമസ ഭക്ഷണ സൗകര്യങ്ങളും ഇതേ കെട്ടിടത്തിലാണ് ഒരുക്കിയിരിക്കുന്നത്.
കെട്ടിടത്തിനും ട്രെയിനിങ് സെന്ററിനും ഹോസ്റ്റലിനും പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്ന് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി പറഞ്ഞു. ആരോഗ്യ വിഭാഗവും പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. തുടര്‍ന്ന് പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീയുടെ ഡിസ്ട്രിക്ട് കോഓഡിനേറ്റര്‍ സ്ഥാപനം അടക്കാന്‍ ഉത്തരവിട്ടു.