ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത കിസാൻ മോർച്ച. പാർലമെന്റിൽ നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് ചർച്ച ചെയ്യാനായി ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ വിശാല യോഗത്തിലാണ് തീരുമാനം. കർഷകപ്രശ്നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതാനും യോഗത്തിൽ തീരുമാനമായി. ഈ കത്ത് അടുത്ത ദിവസംതന്നെ പുറത്തിറക്കും. ഇതിനു ശേഷം 27-ാം തീയതി വീണ്ടും യോഗം ചേരും. കത്തിനുള്ള മറുപടി ഈ യോഗത്തിൽ വിലയിരുത്തും. ഈ യോഗത്തിലായിരിക്കും സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക. നിലവിൽ നിശ്ചയിച്ചിട്ടുള്ള 27-ാം തീയതി വരെയുള്ള സമരപരിപാടികൾ അതനുസരിച്ചുതന്നെ നടക്കും.
മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുക, സമരക്കാർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കുക, സമരത്തിനിടെ മരിച്ചവരുടെ കാര്യം പരിഗണിക്കുക തുടങ്ങി അഞ്ച് കാര്യങ്ങളിലാണ് കർഷകർ കത്തയയ്ക്കുക. ഈ വിഷയങ്ങൾക്ക് സർക്കാർ എന്ത് മറുപടി നൽകുന്നു എന്നതനുസരിച്ചായിരിക്കും തുടർ സമരങ്ങൾ സംബന്ധിച്ച് തീരുമാനിക്കുക. സമരസമിതി നേതാക്കളെ സർക്കാർ അനൗദ്യോഗികമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോർട്ടുണ്ട്. കേന്ദ്ര മന്ത്രിസഭ വിഷയം ചർച്ചചെയ്യുന്നുണ്ട്.