പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 10 ആരോഗ്യ ബ്ലോക്കുകളിലായി 168 സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ലംഘനത്തിന്റെ ഗൗരവമനുസരിച്ച് ബോധവല്‍ക്കരണം, അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി അറിയിച്ചു. ഭക്ഷണ ശാലകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. അംഗീകാരമുളള ഡോക്ടര്‍ നേരിട്ടുകണ്ട് പരിശോധന നടത്തി നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡുകള്‍ മാത്രമേ പരിഗണിക്കുകയുളളൂ.
ചാത്തങ്കരിയില്‍ അടുക്കള വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനം താല്‍ക്കാലികമായി അടച്ചു. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 2800 രൂപ പിഴ ഈടാക്കുകയും ചെയ്തു. നോട്ടീസ് കാലാവധിക്കുളളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളുടേയും പരിധിയിലുള്ള കടകളിലും സ്ഥാപനങ്ങളിലും നിയമാനുസൃത പരിശോധന തുടര്‍ച്ചയായി നടത്തുമെന്നും ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. എന്നാല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുവാന്‍ ഇവര്‍ തയ്യാറായില്ല. ഇത് സ്ഥാപന ഉടമകളെ സഹായിക്കുവാനാണെന്ന ആരോപണം നിലനില്‍ക്കുകയാണ്.