പത്തനംതിട്ട : കൃഷി – പൂന്തോട്ട നിർമ്മാണ രീതികളെ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന ഫുഡ് സ്കേപ്പിംഗ് പദ്ധതി നഗരമാകെ വ്യാപിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. നഗരസഭയിലെ ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തിൽ ജൈവജ്യോതി എന്ന പേരിൽ കളക്ടറേറ്റ് വളപ്പിൽ ആരംഭിച്ച പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂന്തോട്ടവും അടുക്കളത്തോട്ടവും രണ്ടായി മാറ്റി നിർത്തുന്നതിന് പകരം വയ്ക്കാവുന്ന മികച്ച മാതൃകയാണിത്. കൃഷി ചെയ്യാൻ ഇടമില്ല എന്ന് ഇനിയാരും വിഷമിക്കേണ്ടതില്ല. നഗരസഭ നൽകുന്ന സംസ്കരണ ബിന്നുകൾ ഉപയോഗിച്ച് ജൈവമാലിന്യം വളമാക്കി മാറ്റുകയും അത് കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യാം. ഉറവിട മാലിന്യ സംസ്കരണം സാധ്യമാക്കുകയും കുടുംബങ്ങൾക്ക് സ്വന്തം മുറ്റത്ത് വിഷമില്ലാത്ത പച്ചക്കറി വിളയിക്കുകയും ചെയ്യാവുന്ന ഈ പദ്ധതി നഗരമാകെ വ്യാപിപ്പിക്കാൻ ഹരിത കർമ്മ സേനയെ ഉപയോഗിച്ച് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യയോഗ്യമായ വിളവ് ലഭിക്കുന്ന സസ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പോഷക – പൂന്തോട്ട നിർമ്മാണമായ ഫുഡ് സ്കേപ്പിംഗ് നഗരത്തിന്പ രിചയപ്പെടുത്തിരിക്കുകയാണ് ഹരിത കർമ്മ സേന. ആദ്യഘട്ടമായി ജൈവ മഞ്ഞൾ കൃഷിയാണ് കളക്ടറേറ്റ് വളപ്പിൽ ആരംഭിച്ചത് ഒപ്പം പച്ചക്കറികളും നട്ടു. കളക്ടറേറ്റ് ഉൾപ്പെടെയുള്ള ഓഫീസ് സമുച്ചയങ്ങളില്‍ നിന്നും ശേഖരിച്ച ജൈവമാലിന്യത്തിൽ നിന്ന് തയ്യാറാക്കിയ പാം ബയോ ഗ്രീന്‍ മാന്വർ എന്ന സ്വന്തം ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കാതോലിക്കേറ്റ് കോളേജിലെ എൻ എസ് എസ് യൂണിറ്റും പദ്ധതിയുടെ ഭാഗമായി. വിളവെടുക്കുന്ന ജൈവ മഞ്ഞള്‍ കൊണ്ട് ഉപോല്പന്നങ്ങള്‍ ഉണ്ടാക്കി പൊതു മാര്‍ക്കറ്റ് വഴിയും കുടുംബശ്രീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയും പൊതുജനങ്ങള്‍ക്ക് എത്തിക്കുക എന്നതാണ് ഹരിത കര്‍മ്മ സേന ഉദ്ദേശിക്കുന്നത്. സ്വന്തം ബ്രാൻഡിൽ ജൈവവളം വിപണിയിൽ എത്തിക്കുന്നതിൽ വിജയം വരിച്ച നഗരസഭയിലെ ഹരിത കർമ്മ സേനയുടെ മറ്റൊരു അഭിമാന പദ്ധതിയാണ് ജൈവ ജ്യോതി ഫുഡ് സ്കേപ്പിംഗ്. ഇത്തരം വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ അംഗങ്ങൾക്ക് വെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്താനും നഗരസഭയ്ക്ക് സാധിക്കുന്നുണ്ട്.
എ ഡി എം ബി.ജ്യോതി മുഖ്യാതിഥിയായി. നഗരസഭാ കൃഷി – വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, വാർഡ് കൗൺസിലർ സിന്ധു അനിൽ, ജോയിന്റ് ഡയറക്ടർ നൈസാം എസ്, കാതോലിക്കേറ്റ് കോളേജ് എൻഎസ്എസ് യൂണിറ്റ് കോഡിനേറ്റർ ഡോ.ഗോകുൽ ജി നായർ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, ക്ലീൻ സിറ്റി മാനേജർ വിനോദ് കുമാർ, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ജി അനിൽകുമാർ, കൃഷി ഓഫീസർ ഷിബി എൽ, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ അജയ് കെ ആർ, കെ എസ് ഡബ്ല്യു എം പി കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ശ്രീവിദ്യ ബാലൻ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എം ബി ദിലീപ്കുമാർ, ഗ്രീൻ വില്ലേജ് സീനിയർ പ്രൊജക്ട് കോഡിനേറ്റർ കെ എസ് പ്രസാദ്, ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡൻ്റ് ഷീനാ ബീവി, സെക്രട്ടറി ബിന്ദു കെ, തുടങ്ങിയവർ പങ്കെടുത്തു.