നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. നാരുകൾ എന്താണെന്നോ എന്തിനാണ് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്നതിനെക്കുറിച്ചും പലർക്കും അറിയില്ല. പോഷകങ്ങളുടെ കൂട്ടത്തില്‍ വരുന്ന നാരുകളെയാണ് ഫൈബറെന്ന് വിളിക്കുന്നത്. സസ്യാഹാരങ്ങളില്‍ മാത്രം അടങ്ങിയിരിക്കുന്ന ഒരു പ്രത്യേകതരം അന്നജമാണ് ഇവ. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നിലവാരം ഉയര്‍ത്തുന്നത് തടയുകയും ചെയ്യും. നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗ്ലൈസീമിക് ഇന്‍ഡക്സ് കുറവായിരിക്കും.
നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ഇത് ഭാരം കൂടുന്നത് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കുറവായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വന്‍കുടല്‍, മലാശയം എന്നിവിടങ്ങളിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ നാരുകൾ അടങ്ങിയ ഭക്ഷണം ഏറെ ഫലപ്രദമാണ്. റാഗി, ബാര്‍ലി, തവിടുള്ള കുത്തരി, ചോളം, കടല, ചെറുപയര്‍, ചീര, കാബേജ്, കോളിഫ്ളവര്‍, പാവയ്ക്ക, വഴുതനങ്ങ, നിലക്കടല, എള്ള്, കൊത്തമല്ലി, ജീരകം, കുരുമുളക് എന്നിവ നാരുകൾ അടങ്ങിയ ഭക്ഷണങ്ങളാണ്.