കോന്നി : ആറു മാസക്കാലമായി തകര്‍ന്നു കിടക്കുന്ന കോന്നി ഇളകൊള്ളൂര്‍ പാലം ജംഗ്ഷന്‍ റേഷന്‍കട മുക്ക് നടവരമ്പ് അടിയന്തരമായി പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി. കര്‍ഷക മോര്‍ച്ച കോന്നി മണ്ഡലം ജനറല്‍ സെക്രട്ടറി ബിനു ഇളകൊള്ളൂരിന്റെ നേതൃത്വത്തില്‍ പ്രമാടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും ആണ് നിവേദനം നല്‍കിയത്. തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്തുകയും ചെയ്തു. നിരവധി യാത്രക്കാര്‍ ഉപയോഗിക്കുന്ന വഴിയാണ് ഈ നടവരമ്പ് എന്ന് ബിനു ഇളകൊള്ളൂര്‍ സൂചിപ്പിച്ചു. മഴക്കാലമായാല്‍ തോട്ടില്‍ വെള്ളം പൊങ്ങി മട വീണ ഭാഗത്തുകൂടി കൃഷിയിടത്തിലേക്ക് കയറി വലിയ കൃഷിനാശം ഉണ്ടാകും.
ഒരാഴ്ച മുന്‍പ് സേവാഭാരതി നിര്‍മ്മിച്ച താത്കാലിക പാലം സഞ്ചാരത്തിനായി ആശ്രയിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി പ്രസിഡന്റ് ഫോണില്‍ വിഷയം സംസാരിച്ചു. അടിയന്തിരമായി നടവരമ്പിന്റെ ബലക്ഷയം ഉള്ള ഭാഗങ്ങള്‍ ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ലും കോണ്ക്രീറ്റും ഉപയോഗിച്ച് ബാലപ്പെടുത്താമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.
അടുത്ത ദിവസത്തെ പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനം എടുത്ത് വേണ്ട നടപടി അടിന്തര പ്രാധാന്യത്തോടെ സ്വീകരിക്കാമെന്നും പ്രസിഡന്റ് ഉറപ്പ് നല്‍കി. പ്രമാടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനീത്, സെക്രട്ടറി സന്ദീപ്, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചേയര്‍പേഴ്‌സണ്‍ കെ എം മോഹനന്‍ നായര്‍, ബിജെപി പ്രമാടം ഏരിയ സെക്രട്ടറി അനീഷ് ഇളകൊള്ളൂര്‍, 104 ബൂത്ത് പ്രസിഡന്റ് പ്രദീപ്കുമാര്‍ മേലേടത്ത്, ഉണ്ണി എന്നിവര്‍ നിവേദനം സമര്‍പ്പിക്കുന്നസംഘത്തിലുണ്ടായിരുന്നു.