പന്തളം : ഉത്സവത്തിന് ക്ഷേത്രത്തിലെത്താൻ കരക്കാരുടെ കൂട്ടായ്മയിൽ ആറിന് കുറുകെ നടപ്പാലം പണിതു. അച്ചൻകോവിലാറിനുകുറുകെ പന്തളം മഹാദേവർക്ഷേത്രക്കടവിന് സമീപമാണ് ഞെട്ടൂർ പ്രാദേശികസഭയും പന്തളം മഹാദേവ ഹിന്ദുസേവാസമിതിയും സേവാഭാരതിയും ചേർന്ന് താത്കാലികപാലം നിർമിച്ചത്. കടത്തുവള്ളമുണ്ടെങ്കിലും ഇതിൽ കയറാനുള്ള ബുദ്ധിമുട്ടും സുരക്ഷിതത്വമില്ലായ്മയും എപ്പോഴും പ്രയോജനം ലഭിക്കാത്തതുമാണ് നാട്ടുകാരെ നടപ്പാത പണിയാൻ പ്രേരിപ്പിച്ചത്. ആറ്റിൽ വെള്ളം താഴ്ന്നുതുടങ്ങിയാൽ ആറുമാസക്കാലം തീർഥാടകർക്ക് പ്രയോജനം ലഭിക്കും. ആറ്റിൽ ഇരുമ്പ് പൈപ്പുകളും കാറ്റാടിക്കഴയും നാട്ടി അതിൽ തടികളുപയോഗിച്ച് കെട്ടി പന കീറിയെടുത്ത പലക നിരത്തിയാണ് പാലം പണി. ഇരുവശത്തും പിടിച്ചുനടക്കാൻ കൈവരിയും കെട്ടും.
നടപ്പാലത്തിന് മുകളിലാണ് വയറപ്പുഴ പാലം പണി നടക്കുന്നത്. കുളനട പഞ്ചായത്തിലെ ഞെട്ടൂർ കരയെയും പന്തളം നഗരസഭയിലെ മുളമ്പുഴ കരയെയും ബന്ധിപ്പിച്ചാണ് പാലം. ഇത് പൂർത്തിയായാൽ പന്തളം തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അറത്തിൽ സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക എന്നിവിടങ്ങളിലേക്കും പാലത്തിലൂടെ പെട്ടെന്നെത്താം. കുളനട, ഞെട്ടൂർ, മാന്തുക, പുന്തല തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കും പന്തളത്തേക്കെത്താൻ ഏറെ പ്രയോജനപ്പെടുന്നതാണ് പാലം. പ്രദേശത്തെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരവുമാകും.