തിരുവല്ല : മാനവരാശിയുടെ മുന്നേറ്റത്തിന് ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായി ജീവിതം നയിക്കണമെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 16-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഉച്ചനീചത്വങ്ങളില്ലാത്ത ലോകസൃഷ്ടിയാണ് ഗുരുദേവൻ വിഭാവനം ചെയ്തത്. ജാതിമത വർണവർഗ ചിന്തകൾക്കതീതമായി ലോകത്തെ മനുഷ്യരെയെല്ലാം ഒന്നായിക്കാണുന്നതാണ് ഗുരുവിന്റെ ആദ്ധ്യാത്മിക, സാമൂഹിക ദർശനം. ലോകമുള്ള കാലത്തോളം ശ്രീനാരായണ ധർമ്മം നിലനിൽക്കുമെന്നും കാലത്തിന്റെ മുന്നേറ്റത്തിന് ഗുരുധർമ്മം പ്രേരകശക്തിയാകുമെന്നും പ്രീതി നടേശൻ പറഞ്ഞു. കൺവെൻഷൻ നഗറിൽ വിശ്വഗാജിമഠം സെക്രട്ടറി പ്രബോധതീർത്ഥ സ്വാമി ഭദ്രദീപപ്രതിഷ്ഠയും അനുഗ്രഹ പ്രഭാഷണവും നടത്തി.
എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ധർമ്മപതാക ഉയർത്തി. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ സന്ദേശം നൽകി. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ, സൈബർസേന കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ, ജില്ലാ പഞ്ചായത്തംഗം സി.കെ.ലതാകുമാരി, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ, കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, രക്ഷാധികാരികളായ എ.എസ്.സോമപ്പണിക്കർ, സുനിൽകുമാർ.കെ.എ, രാജേഷ് കൈലാസം, സ്വാഗതസംഘം കൺവീനർ അഡ്വ.അനീഷ് വി.എസ്, യൂണിയൻ വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അനീഷ് ആനന്ദ്, യൂണിയൻ എംപ്ലോയീസ് ഫോറം കൺവീനർ സന്തോഷ് എസ്,
വൈദികയോഗം സെക്രട്ടറി സുജിത്ത് ശാന്തി, പെൻഷൻ കൗൺസിൽ കൺവീനർ പത്മജ സാബു, സൈബർസേന കൺവീനർ ബിബിൻ ബിനു എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്‌മിനിസ്ട്രേറ്ററും കൺവെൻഷന്റെ ജനറൽ കൺവീനറുമായ സന്തോഷ് ശാന്തി സ്വാഗതവും കൺവെൻഷൻ വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ നന്ദിയും പറഞ്ഞു. ഉച്ചയ്ക്കുശേഷം സ്ത്രീസുരക്ഷയും സാമൂഹിക പ്രശ്നങ്ങളും എന്ന വിഷയത്തിൽ വനിതാ കമ്മിഷൻ മുൻഅംഗം ഡോ.പ്രമീളാദേവി പ്രഭാഷണം നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.