പന്തളം : അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നതോടെ പുഴയിലേക്ക് തീർഥാടകരിറങ്ങി അപകടത്തിൽപ്പെടാതിരിക്കാൻ ക്ഷേത്രക്കടവുകൾ താത്കാലികമായി അടച്ചു. വലിയകോയിക്കൽ ക്ഷേത്രത്തിന്റെ കടവും ഊട്ടുപുരക്കടവുമാണ് അഗ്നിരക്ഷാസേന കയർകൊണ്ട് ബന്ധിച്ച് സുരക്ഷയൊരുക്കിയിട്ടുള്ളത്. ശനിയാഴ്ചയും ഞായറാഴ്ചയും പെയ്ത ശക്തമായമഴയിൽ അച്ചൻകോവിലാറ്റിൽ അഞ്ചടിവെള്ളമാണ് ഉർന്നിട്ടുള്ളത്. കലങ്ങിമറിഞ്ഞ് വെള്ളം കുത്തിയൊഴുകുന്നുമുണ്ട്. കിഴക്കൻ മേഖലയിൽ മഴ ശക്തമായതാണ് ഒരുദിവസംകൊണ്ട് അച്ചൻകോവിലാറ്റിൽ ജലനിരപ്പുയരാൻ കാരണമായത്.
തീർഥാടനകാലം ആരംഭിച്ചപ്പോൾത്തന്നെ ജലനിരപ്പുയർന്നുകിടന്നതിനാൽ ഇത്തവണ തീർഥാടകർ അപകടത്തിൽപ്പെടാതിരിക്കാനായി കുളിക്കാനിറങ്ങുന്ന ഭാഗത്ത് താത്കാലിക സുരക്ഷാവേലികെട്ടിയാണ് തീർഥാടകരെ കുളിക്കാൻ അനുവദിച്ചിരുന്നത്. ആറ്റിൽ ജലനിരപ്പുയർന്നുകിടക്കുന്നതിനാൽ ആറിനുകുറുകെ പണിതിട്ടുള്ള തടയണയിൽ വേലികെട്ടാൻ കഴിയാതെവന്നതോടെയാണ് കുളിക്കാനിറങ്ങുന്ന ഭാഗത്തുതന്നെ വേലികെട്ടി സുരക്ഷയൊരുക്കിയത്. അഗ്നിരക്ഷാസേനയുടെ ഉദ്യോഗസ്ഥരും മുങ്ങൽ വിദഗ്ധരും പോലീസും ഇവിടെ കാവലുണ്ട്. ഡിങ്കി ബോട്ടും കരുതിയിട്ടുണ്ട്.