ന്യൂഡല്‍ഹി: വിദേശസഹായം സ്വീകരിക്കുന്നതില്‍ സന്നദ്ധസംഘടനകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം നേടിയ, 15 ലക്ഷം രൂപ ചെലവഴിച്ച സ്ഥാപനങ്ങള്‍ക്ക് മാത്രം വിദേശ സഹായം സ്വീകരിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനം.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്‍.ജി.ഒകള്‍ നല്‍കുന്ന തുക എത്രയാണെന്നും എന്തിനുവേണ്ടിയാണെന്നും കാണിക്കുന്ന വിദേശ സംഭാവന നല്‍കുന്നവരില്‍നിന്ന് വാങ്ങിയ കത്ത് ഹാജരാക്കണമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍നിന്ന് വിലക്കിയാണ് പുതിയ ഉത്തരവ്. വിദേശ സംഭാവന സ്വീകരിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങുന്ന എന്‍.ജി.ഒക്കോ, വ്യക്തിക്കോ എഫ്.സി.ആര്‍.എ അക്കൗണ്ട് നിര്‍ബന്ധമായും വേണം. വിദേശ സഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവര്‍ത്തകന്‍ സംഭാവന നല്‍കുന്ന സംഘടനയുടെ ഭാഗമാകാന്‍ പാടില്ല. സന്നദ്ധ സംഘടനയുടെ 75 ശതമാനം ഭാരവാഹികളും ഭരണസമിതി അംഗങ്ങളും വിദേശ സംഭാവന നല്‍കുന്ന സംഘടനയിലെ ഭാരവാഹികളോ ജീവനക്കാരോ ആകാന്‍ പാടില്ല. ധനസഹായം നല്‍കുന്ന വ്യക്തി സഹായം സ്വീകരിക്കുന്ന സംഘടനയുടെ ഭാഗമാകാനും പാടില്ല.
രണ്ടുമാസം മുമ്പ് എന്‍.ജി.ഒ ഭാരവാഹികള്‍ക്ക് ആധാര്‍ നമ്ബര്‍ നിര്‍ബന്ധമാക്കി എഫ്.സി.ആര്‍.എ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. രണ്ടു മാസത്തിന് ശേഷമാണ് ആഭ്യന്തര മന്ത്രാലയത്തിെന്റ പുതിയ തീരുമാനം.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത എന്‍.ജി.ഒകള്‍ 2016-17 കാലയളവില്‍ ഏകദേശം 58,000 കോടി രൂപ വിദേശസഹായമായി കൈപ്പറ്റിയിരുന്നു. രാജ്യത്ത് 22,400 എന്‍.ജി.ഒകളാണ് പ്രവര്‍ത്തിക്കുന്നത്.