കോന്നി : ആനത്താവളത്തിലെ ആനകളെ ഊട്ടാന്‍ അവസരമൊരുക്കി വനംവകുപ്പും ഇക്കോ ടൂറിസവും. ഇക്കോ ടൂറിസം പദ്ധതിയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ആനത്താവളത്തില്‍ വല്ലപ്പോഴും നടന്നു വന്നിരുന്ന ആനയൂട്ട് എല്ലാ ദിവസവും നടത്താന്‍ തീരുമാനിച്ചത്. ഇതിലൂടെ ആനകളുമായി അടുത്ത് ഇടപഴകാനും സമീപത്തു നിന്ന് ഫോട്ടോയും വീഡിയോയും എടുക്കാനും വിനോദ സഞ്ചാരികള്‍ക്ക് കഴിയുമെന്നതാണ് പ്രത്യേകത. നിലവില്‍ ആനത്താവളത്തിലെ ആനകളുടെ സമീപത്ത് നില്‍ക്കാനോ ഫോട്ടോ എടുക്കാനോ കഴിയില്ല. പാപ്പാന്മാരുടെ സഹായത്തോടെ മുമ്പ് വിനോദ സഞ്ചാരികള്‍ ആനയോടൊപ്പം നിന്ന് ചിത്രങ്ങള്‍ എടുത്തിരുന്നു. പണം വാങ്ങി ഇതിന് അവസരം നല്‍കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ഇവിടെ സി.സി.ടി.വി ക്യാമറകള്‍ സ്‌ഥാപിക്കുകയും നിശ്‌ചിത പരിധിക്കപ്പുറം സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്‌തത്.
വിദേശത്തും അന്യസംസ്‌ഥാനങ്ങളില്‍ നിന്നുമടക്കം ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഈ നടപടി ഏറെ നിരാശയുണ്ടാക്കിയിരുന്നു. ഇതിനു പരിഹാരം കാണുക കൂടിയാണ് ആനയൂട്ടിലൂടെ വനം വകുപ്പ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൊട്ടാരക്കര കരിക്കം സ്വദേശികളും നിലവില്‍ ന്യൂയോര്‍ക്കില്‍ സ്‌ഥിര താമസക്കാരുമായ ബിജി ജെ. തോമസും കുടുംബവും ആണ് ആനയൂട്ടിന് വീണ്ടും തുടക്കം കുറിച്ചത്. 2001 രൂപ ഫീസ് അടച്ചാല്‍ ആനയൂട്ടിനു അവസരം ലഭിക്കും. ആനത്താവളത്തിലെ മദപ്പാടുള്ള നീലകണ്‌ഠനൊഴികെ മറ്റെല്ലാ ആനകളെയും ഊട്ടാന്‍ അവസരം ലഭിക്കും. പുറത്തു നിന്നും ഭക്ഷണം കൊണ്ടുവന്ന് ആനകളെ ഊട്ടാന്‍ കഴിയില്ല. ഒരു ദിവസം മുന്‍പേ പണമടച്ചാല്‍ വനം വകുപ്പ് തന്നെ ഊട്ടാനുള്ള ഭക്ഷണം തയാറാക്കി നല്‍കും. ആനകളുടെ സുരക്ഷ കണക്കിലെടുത്താണ് പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നത്.