പമ്പ : കെ.എസ്.ആർ.ടി.സിയുടെ പമ്പ സ്റ്റാൻഡിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട് തുടങ്ങിയ കട വനംവകുപ്പ് അധികൃതർ പൂട്ടിച്ചു. ആങ്ങമൂഴി മോടിയിൽ വീട്ടിൽ സുരേഷിനാണ് സ്റ്റാൻഡിൽ സ്റ്റാൾ അനുവദിച്ചത്. എല്ലാ തീർത്ഥാടന കാലത്തും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കട അനുവദിക്കാറുണ്ട്. 15ന് വൈകിട്ട് സുരേഷ് കട തുറന്ന ശേഷം വനംവകുപ്പ് ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ വന്ന് അനുവാദമില്ലെന്നു പറഞ്ഞ് അടപ്പിച്ചു. കെ.എസ്.ആർ.ടി.സിയിൽ ടെന്‍ണ്ടര്‍ നേടിയതിന്റെ രസീതുകൾ കാണിച്ചിട്ടും റേഞ്ച് ഓഫീസർ പിൻമാറിയില്ല. തുടർന്ന് ആന്റോ ആന്റണി എം.പിയോട് സുരേഷ് പരാതി പറഞ്ഞ ശേഷം കട തുറന്നു.
സുരേഷ് കെ.എസ്.ആർ.ടി.സിക്കുള്ള സെക്യുരുറ്റി ഡെപ്പോസിറ്റായി 5000 രൂപയും ടെൻഡൽ ഫോം ഫീസായി 100രൂപയും അടച്ചിരുന്നു. നട തുറക്കുന്നതിന് രണ്ടുദിവസം മുൻപ് സ്റ്റാൾ കെട്ടുകയും രണ്ടുലക്ഷം രൂപയുടെ സാധനങ്ങൾ ഇറക്കുകയും ചെയ്തിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇവിടെ രണ്ടര രൂപയ്ക്ക് വീതം ചായയും വടയും നൽകണമെന്നാണ് കരാർ. തീർത്ഥാടകർക്ക് കളക്ടർ നിശ്ചയിച്ച നിരക്കിൽ നൽകണം. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി പമ്പ സ്റ്റേഷൻ ഓഫീസറെത്തി തുറക്കാൻ പറ്റില്ലെന്ന് അറിയിച്ചു. ഇതേദിവസം സ്റ്റാൻഡിന് എതിർവശം വനംവകുപ്പിന്റെ ചായക്കട തുടങ്ങി. സ്റ്റാൻഡിൽ സുരേഷ് കട തുറന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കടയിൽ കച്ചവടം കുറയുമെന്ന് കണ്ടാണ് ഭീഷണിപ്പെടുത്തി അടപ്പിച്ചതെന്ന് ആക്ഷേപമുണ്ട്.