തെന്മല : കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കിഴക്കന്‍ വനാതിര്‍ത്തികളിലെ പുല്ലും മറ്റും കത്തിച്ചു തുടങ്ങി. തെന്മല ഡിവിഷനിലെ കഴുതുരുട്ടി, തെന്മല വനാതിര്‍ത്തികളിലെ ഉണങ്ങിയ പുല്ലുകളാണ് കത്തിച്ചുകൊണ്ടിരിക്കുന്നത്. വനാതിര്‍ത്തികളില്‍ റോഡിനോടും ജനവാസമേഖലയോടും ചേര്‍ന്ന പ്രദേശത്താണ് പ്രത്യേക തയ്യാറെടുപ്പുകള്‍. അതിര്‍ത്തി തിരിച്ച് പുല്ലും കരിയിലയും ഒഴിവാക്കുന്നുണ്ട്.
വനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയുടെ സഹകരണത്തോടെ കഴിഞ്ഞദിവസം ക്ലാസുകള്‍ സംഘടിപ്പിച്ചു. പകല്‍ വനാതിര്‍ത്തികളില്‍ ജീവനക്കാരുടെ നിരീക്ഷണം ഉറപ്പുവരുത്തും. ഇതിനായി വനമേഖലകള്‍ ഓരോ ബ്ലോക്കാക്കി ആറുവീതം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തീപടരാന്‍ സാധ്യതയുള്ള കുന്നുകളില്‍ ചെറിയ കന്നാസുകളില്‍ വെള്ളം സൂക്ഷിക്കും. ജീവനക്കാര്‍ക്ക് സ്വയരക്ഷയ്ക്കുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.