കോന്നി : കോന്നി ആനത്താവളത്തിൽ പ്രവർത്തിച്ചു വന്ന ഗജരാജ പേപ്പർ നിർമാണ യൂണിറ്റ് പൂർണമായി അവസാനിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചു. കേരളത്തിലെ തന്നെ ആദ്യ സംരംഭമായ പരിസ്ഥിതി സൗഹൃദ ഗജരാജ ഹാൻഡ് മെയ്ഡ് റീ സൈക്കിൾ പേപ്പർ നിർമാണ യൂനിറ്റ് ആദ്യ ഘട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ആദ്യ ഘട്ടത്തിൽ കോന്നി ആനത്താവളത്തിലെ ഏഴ് ആനകളിൽനിന്ന് ശേഖരിക്കുന്ന ആനപ്പിണ്ടം ആയിരുന്നു പേപ്പർ നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. നിർമിക്കുന്ന ഫയലുകൾ വനം വകുപ്പ് ഓഫിസുകളിലേക്കും മറ്റ് ഓഫിസുകളിലേക്കുമാണ് ഉപയോഗിച്ചിരുന്നത്.
തുടക്കത്തിൽ കാർഡ് ബോർഡുകളും പിന്നീട് പേപ്പറുകളും നിർമിക്കാനായിരുന്നു പദ്ധതി. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിന്റെ ചുമതല നൽകിയിരുന്നത്. എന്നാൽ ശാരീരിക അസ്വസ്തതകൾ മൂലം ഇദ്ദേഹത്തിന് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ യുണിറ്റ് നാശാവസ്ഥയിൽ ആവുകയും പ്രവർത്തനം നിലക്കുകയും ചെയ്തു. പിന്നീട് ഇതു പുനഃസ്ഥാപിക്കുവാനുള്ള നടപടി വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ലക്ഷക്കണക്കിന് രൂപയുടെ യന്ത്രങ്ങളും തുരുമ്പെടുത്തു. നിലവിലുള്ള പദ്ധതി മെച്ചപ്പെടുത്താതെ ഉപേക്ഷിച്ച് ഈ കെട്ടിടം ഹണി പ്രോസസിങ് കേന്ദ്രമാക്കാനാണ് വനം വകുപ്പ് തീരുമാനം.