ഇടുക്കി: ചിന്നക്കനാല്‍, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരവധി പേരെ കൊലപ്പെടുത്തിയ കാട്ടാനകളെ പിടികൂടാൻ ശുപാര്‍ശ നൽകുമെന്ന് ഉറപ്പ് നൽകി വനംവകുപ്പ്. കഴിഞ്ഞ ദിവസം വനംവകുപ്പ് വാച്ചർ ശക്തിവേലിനെ കാട്ടാന കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള ദേശീയ പാത ഉപരോധവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് വനം വകുപ്പ് ഉറപ്പ് നല്‍കിയത്. ഏകദേശം നാലു മണിക്കൂറിന് ശേഷമാണ് കൊച്ചി – ധനുഷ്കോടി ദേശീയ പാത ഉപരോധം അവസാനിപ്പിച്ചത്.
ഇടുക്കിയിലെ ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടു കൊമ്പൻമാരെ പിടികൂടുകയോ ഉൾക്കാട്ടിലേക്ക് തുരത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ സമരം. ദേവികുളം എംഎൽഎ എ രാജ അടക്കമുള്ള ജനപ്രതിനിധികളും സമരത്തിൽ അണി ചേർന്നു. ഈ പ്രദേശത്ത് ആറോളം കാട്ടാനകളാണ് ജനജീവിതത്തിന് ഭീഷണി ഉയർത്തുന്നത്. ഇതിൽ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ രണ്ട് ആനകളുടെയെങ്കിലും കാര്യത്തിൽ അടിയന്തിര നടപടി വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
സമരം നീണ്ടതോടെ വനംവകുപ്പ് ഹൈറേഞ്ച് സർക്കിൾ കൺസർവേറ്ററെത്തി നേതാക്കളുമായി ചർച്ച നടത്തി. അതേസമയം ബന്ധുക്കളും പോലീസും എത്തുന്നതിനു മുമ്പ് മൃതദേഹം മാറ്റാൻ തിടുക്കം കാണിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് എംഎം മണി എംഎല്‍എയുടെ ആവശ്യം. ആനശല്യം കൂടുതലുള്ള പന്നിയാര്‍, ശങ്കരപാണ്ഡ്യമെട്ട് എന്നീ മേഖലകളില്‍ ഫെന്‍സിംഗ് സ്ഥാപിക്കാനുള്ള നടപടികൾക്ക് ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർഎസ് അരുൺ നിർദ്ദേശം നൽകിയിട്ടുണ്ട്. പട്രോളിംഗിനൊപ്പം ആന നിൽക്കുന്ന സ്ഥലത്തെ സംബന്ധിച്ച് ജനങ്ങൾക്ക് വിവരം നൽകുന്ന സംവിധാനം കൂടുതൽ വിപുലമാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.