കണ്ണൂർ : ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ മരിച്ച സംഭവം സങ്കടകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ആറളം ഫാമിൽ അടിക്കാട് വെട്ടിയിട്ടില്ല. ആന മതിൽ നിർമ്മാണം നീണ്ടു പോയതടക്കമുള്ള കാര്യങ്ങൾ വന്യമൃഗ ശല്യത്തിന് കാരണമായി. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്നും ഇക്കാര്യങ്ങൾ പരിശോധിച്ച് ജില്ലാ കളക്ടർ സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നാളെ കണ്ണൂരിൽ സർവ്വ കക്ഷി യോഗം ചേരും. വയനാട്ടിലേതു പോലെ ഒരു ആക്ഷൻ പ്ലാൻ ആറളത്ത് നടപ്പാക്കും. വേണ്ടപ്പെട്ടവർ നഷ്ടപ്പെടുമ്പോൾ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ് അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. ആറളം ഫാമിന്റെ സവിശേഷത മനസ്സിലാക്കി ജനം ജാഗ്രത പുലർത്തണമെന്നും നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ഇന്ന് രാവിലെയായിരുന്നു ദമ്പതികൾ കശുവണ്ടി ശേഖരിക്കുന്നതിനായി പതിമൂന്നാം ബ്ലോക്കിലെ ഇവരുടെ ഭൂമിയിലേക്ക് പോയത്.ഇവരെ കാണാതായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വെള്ളി, ഭാര്യ ലീല എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. സംഭവത്തിൽ നാട്ടുകാർ ആംബുലൻസ് തടഞ്ഞുനിർത്തി പ്രതിഷേധിക്കുകയാണ്. ജില്ലാ ഭരണാധികാരികൾ പ്രദേശത്ത് എത്തിയാൽ മാത്രമേ ആംബുലൻസ് വിട്ടു നൽകുവെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.