കൊല്ലം : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം ചിന്നക്കടയിലാണ് സംഭവം. ചിന്നക്കട റൗണ്ടിന് സമീപം ബുധനാഴ്ച രാത്രി ഒമ്പതരയ്ക്ക് ഉണ്ടായ അപകടത്തിലാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അമിതവേഗതയിലെത്തിയ കാർ ഒരാളുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.
കരിക്കോട് ചപ്പേത്തടം സ്വദേശിയായ നൗഷാദിനാണ് (42) വാഹനാപകടത്തിൽ പരുക്കേറ്റത്. നിറുത്താതെപോയ കാർ ചിന്നക്കടയ്ക്കടുത്തുവെച്ച് നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് തടഞ്ഞ് പോലീസിന് കൈമാറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നൗഷാദിനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.