തിരുവനന്തപുരം : സംസ്ഥാനത്തെ അനധികൃത മരംമുറിയുടെ വ്യാപ്തി വ്യക്തമാക്കി വനം വിജിലൻസ് റിപ്പോര്‍ട്ട്. 14 കോടിയുടെ മരങ്ങൾ മുറിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടയ റവന്യൂ ഭൂമിയിൽ നിന്നാണ് മുറിച്ചത്. തേക്ക് മരങ്ങളാണ് കൂടുതൽ മുറിച്ചത്. പട്ടയ നിബന്ധങ്ങൾക്ക് വിരുദ്ധമായി മരം മുറിച്ച് കടത്തിയതെന്നും എട്ടര കോടിയുടെ മരം തിരിച്ചു പിടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട്ടിലെ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
വയനാട്, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലാണ് വ്യാപക മരംമുറിയുണ്ടായത്. വയനാട്ടിൽ വനം വകുപ്പ് അനുവദിക്കാത്ത സ്ഥലങ്ങളിലും മരം മുറി നടന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ പാസ് അനുവദിച്ചിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാസ് അനുവദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. അനധികൃത മരംമുറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വനം വിജിലൻസ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പട്ടയം നൽകുമ്പോൾ ഭൂമിയുളള മരങ്ങളുടെ പട്ടിക വനം വകുപ്പിന് നൽകണമെന്നും ശുപാർശയുണ്ട്. നിലവിൽ മരം രജിസ്റ്റർ വനം വകുപ്പിന്റെ കൈവശമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിജിലൻസ് പിസിസിഎഫ് ഗംഗാ സിംങ്ങാണ് റിപ്പോർട്ട് നൽകിയത്.