കോന്നി : മലയോര മേഖലയില്‍ കാട് കയറികിടക്കുന്ന സ്വകാര്യ ഭൂമികള്‍ വന്യമൃഗങ്ങളുടെ താവളമാകുന്നു. തണ്ണിത്തോട്, തേക്കുതോട്, കരിമാന്‍തോട്, കൊക്കാത്തോട് തുടങ്ങി വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ ഭൂമികളാണ് വന്യമൃഗങ്ങള്‍ ഇപ്പോള്‍ താവളമാക്കിയിരിക്കുന്നത്. ആന, മ്ലാവ്, പന്നി, കൂരന്‍, മയില്‍, കുരങ്ങ് തുടങ്ങി നിരവധി വന്യ ജീവികളാണ് ഇത്തരം കാട് നിറഞ്ഞ പറമ്പുകളില്‍ താമസമാക്കുന്നത്.
കാട്ടുപന്നിയും മറ്റും താവളമാക്കുന്ന ഈ പ്രദേശത്ത് കൃഷി ഇടങ്ങളില്‍ വന്യമൃഗ ശല്ല്യം രൂക്ഷമാവുകയാണ്. റബ്ബര്‍ തോട്ടങ്ങളാണ് ഇത്തരത്തില്‍ അധികവും ഒറ്റനോട്ടത്തില്‍ സ്വകാര്യ ഭൂമിയാണെന്ന് തിരിച്ചറിയുവാനും കഴിയില്ല. കോന്നിയുടെ പല സ്ഥലങ്ങളിലും ഇത്തരം ഭൂമികള്‍ കാണാന്‍ കഴിയും. വനത്തിനോട് ചേര്‍ന്ന് ഭൂമി വാങ്ങിയിടുന്ന സ്വകാര്യ വ്യക്തികള്‍ ഈ ഭൂമി പിന്നീട് തിരിഞ്ഞ് നോക്കാതാകുമ്പോഴാണ് വന്യജീവികള്‍ ഇവിടം കൈയ്യടക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത്തരം ഭൂമികള്‍ സ്വകാര്യ വ്യക്തികള്‍ കാട് തെളിച്ച് സംരക്ഷിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ സാധാരണക്കാരായ കര്‍ഷകരാവും ഇതിന് കൂടുതല്‍ ദുരിതമനുഭവിക്കുക.