കോന്നി : കോന്നിയുടെ വനഭംഗിക്ക് മാറ്റുകൂട്ടുവാൻ ഇനി മൂട്ടിപ്പഴത്തിൻ്റെ മാധുര്യവും നിറയും. വനങ്ങളിൽ മാത്രമല്ല നാട്ടിൻപുറങ്ങളിലും മൂട്ടിൽ പഴമരം പൂത്തുതുടങ്ങി. കോന്നി മങ്ങാരം കൊല്ലൻപറമ്പിൽ എ കെ ഹരിപ്രസാദിന്റെ വീട്ടിൽ ആണ് മൂട്ടിൽ പഴമരം പൂത്തത്. പശ്ചിമ ഘട്ട മലനിരകളിൽ മാധുര്യം നിറയ്ക്കുന്ന മൂട്ടിപ്പഴം കോന്നിയുടെ വനമേഖലയിലും വിളഞ്ഞു തുടങ്ങി. പൂക്കളുടെ മനോഹാരിതയും കായ്കളുടെ ഭംഗിയും കൊണ്ട് ശ്രദ്ധയാകർഷിക്കുന്ന മൂട്ടിമരം നിത്യഹരിതമായ ഇലപ്പടർപ്പോടെ വളരുന്ന വൃക്ഷമാണ്. ബക്കോറിയ കോർട്ടലിൻസിസ് എന്ന് ശാസ്ത്ര നാമമുള്ള മൂട്ടിപ്പഴം മൂട്ടിമരത്തിൻ്റെ തായ് തടിയിലാണ് ഉണ്ടാകുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് മൂട്ടിമരം പൂവിട്ട് തുടങ്ങുക. ജൂൺ, ജൂലൈ മാസങ്ങളിലാണ് പഴങ്ങൾ പാകമാകുന്നത്.
മൂട്ടിപ്പുളി, മൂട്ടികായ്പ്പൻ, കുന്തപ്പഴം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മൂട്ടിപ്പഴത്തിൻ്റെ തോട് അച്ചാറിടുന്നതിനും ഉപയോഗിച്ചുവരുന്നു. കരടി, മലയണ്ണാൻ, വവ്വാൽ തുടങ്ങിയവയുടെ ഇഷ്ട ഭക്ഷണമാണ് ഇത്. ജലാംശം, വിറ്റാമിൻ, പ്രോട്ടീന്‍ എന്നിവയും മൂട്ടിപ്പഴത്തിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അലുവാംകുടി വനമേഖലയിലും മൂട്ടിപ്പഴം സമൃദ്ധമായി വിളയുന്നു. മുൻപ് ആദിവാസി വിഭാഗത്തിൽ പെട്ടവർ മാത്രം ഉപയോഗിച്ച് വന്നിരുന്ന മൂട്ടിപ്പഴം ഇന്ന് സാധാരണ ജനങ്ങൾക്കും പ്രിയങ്കരമാണ്. ചുവന്ന നിറത്തിൽ പഴുത്ത് പാകമാകുന്ന മൂട്ടിപ്പഴം പ്രമേഹം, കൊളസ്ട്രോൾ, പ്രഷർ എന്നിവയ്ക്കും ഉത്തമമാണെന്ന് പറയുന്നു. ഇനിയുള്ള നാളുകളിൽ മൂട്ടിപ്പഴത്തിൻ്റെ ഭംഗിയും മാധുര്യം കോന്നിയുടെ വനങ്ങളിൽ നിറയും.