റായ്പൂര്‍: ഛത്തീസ്ഗഡില്‍ ബിജെപിക്ക് തിരിച്ചടി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ മുതിര്‍ന്ന ബി ജെ പി നേതാവ് നന്ദ് കുമാര്‍ സായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്നലെ ഇദ്ദേഹം ബി ജെ പിയില്‍ നിന്ന് രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ സാന്നിധ്യത്തിലാണ് നന്ദ് കുമാര്‍ സായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഛത്തീസ്ഗഢിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നന്ദ് കുമാര്‍ സായ്, നേരത്തെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ എംപിയുമാണ് ഇദ്ദേഹം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ ഒരുഘട്ടത്തില്‍ നന്ദ് കുമാര്‍ സായിയെ പരിഗണിച്ചിരുന്നു. എന്നാല്‍ രമണ്‍ സിംഗിനായി നന്ദ് കുമാര്‍ സായിക്ക് മാറിക്കൊടുക്കേണ്ടിവന്നിരുന്നു. ബിജെപിയിലെ എന്റെ യാത്രയിലുടനീളം, എനിക്ക് വിവിധ സുപ്രധാന സ്ഥാനങ്ങളും ചുമതലകളും നല്‍കി. അത് ഞാന്‍ പൂര്‍ണ്ണ അര്‍പ്പണത്തോടും അര്‍പ്പണബോധത്തോടും കൂടി നിര്‍വഹിച്ചു. അതിന് പാര്‍ട്ടിയോട് നന്ദി പറയുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഭാരതീയ ജനതാ പാര്‍ട്ടിയില്‍ എന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ, എന്റെ സ്വന്തം പാര്‍ട്ടിയിലെ രാഷ്ട്രീയ എതിരാളികള്‍ എനിക്കെതിരെ ഗൂഢാലോചന നടത്തുന്ന വ്യാജ ആരോപണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും മൂലം എന്റെ അന്തസ്സ് നിരന്തരം വ്രണപ്പെടുകയാണ്. അതിനാല്‍ എനിക്ക് അങ്ങേയറ്റം വേദന തോന്നുന്നു, വളരെ ആഴത്തില്‍ ചിന്തിച്ചതിന് ശേഷം, ഞാന്‍ എന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എന്റെ എല്ലാ പോസ്റ്റുകളില്‍ നിന്നും രാജിവെക്കുന്നു- രാജിക്കത്തില്‍ നന്ദ് കുമാര്‍ സായി പറഞ്ഞു.