കൊച്ചി : കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി ബി.ജെ.പി മുന്‍ അധ്യക്ഷന്‍ പി.പി മുകുന്ദന്‍. ഒറ്റയാള്‍ നേതൃത്വം ബി.ജെ.പിക്ക് ഗുണം ചെയ്യില്ല. പഴയ ആളുകളുടെ കൂടി അഭിപ്രായം തേടാന്‍ നേതൃത്വം തയ്യാറാകണം. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ആളാണ് മുകുന്ദന്‍ എന്ന സുരേന്ദ്രന്‍റെ പരാമര്‍ശം മാനസിക വിഷമം ഉണ്ടാക്കി. പ്രസ്താവന തിരുത്താന്‍ സുരേന്ദ്രന്‍ തയ്യാറാവണം. അല്ലങ്കില്‍ വിനാശ കാലേ വിപരീത ബുദ്ധി എന്ന് മാത്രമേ പറയാനുള്ളു. സുരേന്ദ്രനെ പാര്‍ട്ടിയില്‍ കൊണ്ടു വന്നത് താനാണ്. സുരേന്ദ്രന് ഗുരുത്വം ആവശ്യമാണെന്നും പി. പി മുകുന്ദന്‍ .
പാര്‍ട്ടിയില്‍ മൂല്യ ച്യുതി ഉണ്ടാകരുത് എന്നാണ് ആഗ്രഹം. എല്‍.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ബി.ജെ.പി ഇപ്പോഴും തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടില്ല. കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കിയില്ലങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നും മുകുന്ദന്‍ പറഞ്ഞു.
മൂക്കാതെ പഴുത്തതാണ് ശോഭ സുരേന്ദ്രന്‍റെ പ്രശ്‌നം. വരുന്ന ആറു മാസം നിശബ്ദയായിരിക്കാന്‍ താന്‍ ശോഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങള്‍ സംസാരിച്ചു പരിഹരിക്കാന്‍ നേതൃത്വവും തയ്യാറാകണം. ആളുകളെ കൂട്ടി യോജിപ്പിച്ചു പോകാന്‍ നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ല. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. തന്നെ ആവശ്യമുണ്ടെന്നു തോന്നിയാല്‍ അവര്‍ തിരിച്ചു വിളിക്കട്ടെയെന്നും പി.പി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു