ദില്ലി: കെപിസിസി പ്രസിഡന്റെ കെ സുധാകരന്റെ വരുമാന സ്രോതസ്സിൽ പ്രാഥമിക അന്വേഷണം തുടങ്ങി വിജിലൻസ്. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് അന്വേഷിക്കുന്നത്. ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി സ്കൂൾ പ്രിൻസിപ്പലിന് വിജിലന്‍സ് നോട്ടീസ് അയച്ചു. കെ സുധാകരന്റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവാണ് ഇത് സംബന്ധിച്ച പരാതി വിജിലൻസിന് നൽകിയത്. കണ്ണൂരിൽ ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നടക്കം വൻതോതിൽ സുധാകരൻ പണം പിരിച്ചിരുന്നു. ഇതിൽ വലിയ തോതിൽ തട്ടിപ്പ് നടത്തി എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മുന്‍ ഡ്രൈവര്‍ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് വിജിലൻസ് നടത്തുന്നതെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
അതേ സമയം, എം വി ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടത്തുന്നത് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ്. അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യയ്ക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരൻ വെളിപ്പെടുത്തി. ദില്ലിയിലെത്തിയത് രാഹുൽ ഗാന്ധിയെ കാണാനാണെന്നും സുധാകരന്‍ പറഞ്ഞു.