കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് കരാർ ഏറ്റെടുത്ത കമ്പനി സോണ്‍ട ഇൻഫ്രൊടെക്കിനെതിരെ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത് മുതൽ തന്നെ സോണ്ട ഇൻഫ്രൊടെക്ക് എംഡി പല രീതിയിൽ സ്വാധീനിക്കാൻ ശ്രമിച്ചതായി ടോണി ചമ്മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മലബാറിലുള്ള ഒരു മുൻ എംപി യുമായി അടുപ്പമുള്ള നിർമ്മാതാവാണ് കമ്പനിക്ക് വേണ്ടി തന്നെ ഒന്നരവർഷം മുൻപ് സമീപിച്ചത്. ആരോപണങ്ങളിൽ നിന്ന് പിൻമാറാനായി എന്തും ചെയ്യാമെന്ന് ഫോൺ വഴി രാജ് കുമാർ ചെല്ലപ്പൻ പറഞ്ഞുവെന്ന് ടോണി ചമ്മിണി വെളിപ്പെടുത്തി.
താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായും ജിജെ ഇക്കോ പവർ എന്ന കന്പനിയുമായി ഒരു ബന്ധവുമില്ലെന്നും ടോണി ചമ്മണി പറയുന്നു. ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിനായി കരാറിലേർപ്പെട്ട് പിന്നീട് സർക്കാർ പുറത്താക്കിയ ജിജെ ഇക്കോ പവർ കന്പനിയ്ക്ക് വേണ്ടി ടോണി ചമ്മണി ഗൂഡാലോചന നടത്തുന്നു എന്നായിരുന്നു സോണ്‍ട എംഡി രാജ് കുമാർ ചെല്ലപ്പന്‍റെ ആരോപണം. അതേസമയം ജിജെ ഇക്കോ പവർ എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നും ടോണി ചമ്മണി പറഞ്ഞു. തന്‍റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി എടുക്കാൻ സോണ്‍ട ഇൻഫ്രൊടെക്കിനെ വെല്ലുവിളിക്കുന്നുവെന്നും മുൻ മേയർ പറയുന്നു.
ജിജെ ഇക്കോ പവർ കന്പനിയ്ക്ക് വേണ്ടി ടോണി ചമ്മണി ഗൂഡാലോചന നടത്തുന്നു എന്നായിരുന്നു രാജ് കുമാർ ചെല്ലപ്പന്‍റെ ആരോപണം. അതേസമയം കൊച്ചി കോർപ്പറേഷന്‍റെയും ബ്രഹ്മപുരത്തെ കരാറുകൾ ഏറ്റെടുത്ത കമ്പനികളുടെയും വീഴ്ചകൾ വിശദീകരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഖര മാലിന്യ സംസ്കരണ ചട്ടം 2016 ലെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അനുമതിയില്ലാതെയാണ് ബ്രഹ്മപുരം പ്ലാന്‍റ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.