അഹ്മദാബാദ് : ഗുജറാത്തില്‍ ബി.ജെ.പി ഡോക്ടേര്‍സ് സെല്‍ അംഗവും മുന്‍ മന്ത്രിയുടെ ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു. ഡോ. ആദിത്യ ഉപാധ്യായ (62), മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായ മധുഭായ് താക്കൂറിന്റെ ഭാര്യ മധുബെന്‍ താക്കൂര്‍ എന്നിവര്‍ ഉള്‍പ്പെടെ 30 പേരാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 891 ആയി ഉയര്‍ന്നു.
രണ്ട് പതിറ്റാണ്ടായി ബി.ജെ.പിയുടെ സജീവ അംഗവും ഡോക്ടേര്‍സ് സെല്‍ പ്രവര്‍ത്തകനുമാണ് ഉപാധ്യായ. അസ്ഥിരോഗ വിദഗ്ധനായ ഇദ്ദേഹം കോവിഡ് ബാധയെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെ എസ്.വി.പി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് അഹ്മദാബാദിലെ സ്റ്റെര്‍ലിങ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഡോ. പല്ലവി ഉപാധ്യായയും മകനും കോവിഡിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. അഹ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ബി.ജെ.പി ഡോക്ടേര്‍സ് സെല്‍ അംഗവുമായ പല്ലവി ബി.ജെ.പി ബാപ്പുനഗര്‍ വാര്‍ഡ് പ്രസിഡന്റ് കൂടിയാണ്. നിലവില്‍ ബി.ജെ.പി അഹ്മദാബാദ് ജില്ല സെക്രട്ടറിയായ മധുഭായ് താക്കൂറിന്റെ ഭാര്യ മധുബെന്‍ താക്കൂര്‍ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഇവരുടെ മൂന്ന് കുടുംബാംഗങ്ങള്‍ ക്വാറന്‍റീനിലാണ്.
അതിനിടെ കൃഷ്ണനഗര്‍ പോലീസ് സ്റ്റേഷനില്‍ രണ്ടാമതൊരു പോലീസുകാരന്‍ കൂടി കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. അസി. സബ് ഇന്‍സ്പെക്ടര്‍ ഗിരീഷ് ബാരോട്ടാണ് മരിച്ചത്.