റാന്നി : ആചാരങ്ങൾ ഒന്നൊന്നായി നിരോധിച്ച് ശബരിമലയെ വാണിജ്യകേന്ദ്രമാക്കി മാറ്റുകയാണെന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. 79-ാമത് റാന്നി ഹിന്ദുമത സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന അയ്യപ്പധർമസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 41 ദിവസം വ്രതമനുഷ്ഠിച്ചെത്തുന്ന ഭക്തർക്ക് പുണ്യനദിയായ പമ്പയിൽ സ്നാനം ചെയ്യുന്നതിന് അനുമതി നിഷേധിക്കുന്നു. പലപ്പോഴും ബലിതർപ്പണത്തിന് അനുവാദം ലഭിക്കുന്നില്ല. അന്നദാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഭക്തർ അനുഷ്ഠിച്ചുവന്നിരുന്ന ആചാരങ്ങളാണ് ഇല്ലാതാവുന്നത്. വ്രതപ്രധാനമായ ആചാരങ്ങളിലൂടെ മനസ്സും ശരീരവും പാകപ്പെടുത്തി ശാന്തമായ മനസ്സോടെ ശബരിമലയിലെത്തുന്നവരെ ഭക്തനും ഭഗവാനും ഒന്നാണെന്ന് ബോധ്യപ്പെടുത്തി നന്മയുടെ വെളിച്ചം പകർന്ന് ഒരു നല്ല മനുഷ്യനാക്കി മാറ്റുകയാണ്.
ആചാരാനുഷ്ഠാനത്തിലൂടെ ഭക്തിയുടെ അനുഭൂതി തേടിയാണ് ഭക്തർ എത്തുന്നത്. അയ്യപ്പധർമം ജീവിതത്തിൽ ഉൾക്കൊള്ളാനാവണമെന്നും കുമ്മനം പറഞ്ഞു. മാർഗദർശകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദസരസ്വതി അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ഹിന്ദു ധർമ പരിഷത്ത് ഭാരവാഹികളായ ടി.എസ്. സോമൻ, പ്രൊഫ.പി.ജി. പ്രസാദ്കുമാർ, കെ.എം. വേണുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. ഹരികൃഷ്ണൻ വായ്പൂര് പ്രഭാഷണം നടത്തി. ആചാര്യ വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ സമ്പൂർണ നാരായണീയപാരായണം, കൈകൊട്ടിക്കളി എന്നിവയും നടന്നു.