ലഹോർ : ഇന്ത്യൻ പ്രീമിയർ ലീഗിനെതിരെ ഒത്തുകളി സംശയിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ജുനൈദ് ഖാൻ. കഴിഞ്ഞ ദിവസത്തെ മുംബൈ ഇന്ത്യൻസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഇഷാൻ കിഷന്‍ പുറത്തായ ദൃശ്യങ്ങളാണ് ഒത്തുകളിക്കു തെളിവായി ജുനൈദ് ഖാൻ ഉയർത്തിക്കാട്ടുന്നത്. സംശയകരമായ നീക്കമാണ് ഇതെന്ന് പാക്കിസ്ഥാൻ മുൻ താരം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇഷാൻ കിഷൻ പുറത്താകുന്ന ദൃശ്യങ്ങളും ജുനൈദ് ഖാൻ പങ്കുവച്ചു. ഹൈദരാബാദ് ബാറ്റിങ്ങിന്റെ മൂന്നാം ഓവറിലായിരുന്നു വിവാദത്തിനിടയാക്കി സംഭവം അരങ്ങേറിയത്. ദീപക് ചാഹറിന്റെ പന്ത് ലെഗ് സൈഡിൽ ഇഷാന്റെ ബാറ്റിന് തൊട്ടരികിലൂടെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തി. വിക്കറ്റിനായി മുംബൈ ടീമിൽ ആരും അപ്പീൽ ചെയ്തില്ല. പക്ഷേ തൊട്ടടുത്ത നിമിഷം ഇഷൻ ഡഗൗട്ടിലേക്കുള്ള നടത്തം ആരംഭിച്ചു.
ആദ്യം വൈഡ് വിളിച്ച അംപയർ അതു കണ്ട് തീരുമാനം തിരുത്തി ഔട്ട് വിളിക്കുകയും ചെയ്തു. പന്ത് ബാറ്റിൽക്കൊണ്ടുവെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇഷൻ മടങ്ങിയതെന്നാണ് എല്ലാവരും ആദ്യം കരുതിയത്. സത്യസന്ധത കാണിച്ചതിന് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇഷനെ തോളിൽതട്ടി അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെയെത്തിയ അൾട്രാ എഡ്ജ് പരിശോധനയുടെ ചിത്രം എല്ലാവരെയും അമ്പരപ്പിച്ചു. റീപ്ലേയിൽ പന്ത് ഇഷന്റെ ബാറ്റിൽ തട്ടിയില്ലെന്ന് വ്യക്തമായി. ഇതോടെ താരത്തിന്റെ അശ്രദ്ധയ്ക്കും ടീമിനോടുള്ള ആത്മാർഥതക്കുറവിനുമെതിരെ രൂക്ഷ വിമർശനമുയർന്നു. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഏഴു വിക്കറ്റ് വിജയം നേടിയിരുന്നു.