ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ എന്ന ഗുഡ്ഡു പണ്ഡിറ്റ് ഭാര്യയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗുഡ്ഡു പണ്ഡിറ്റ് തന്റെ മൂന്നാമത്തെ ഭാര്യയായ അർച്ചന പണ്ഡിറ്റിനെയാണ് മുടിയിൽ പിടിച്ച് തറയിലൂടെ വലിച്ചിഴയ്ക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. യുവതിയെ ചൂൽ കൊണ്ട് അടിക്കുന്നതും മർദനമേറ്റ് യുവതി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബുലന്ദ്ഷഹറിലെ അർച്ചനയുടെ വീട്ടിൽ വെച്ചാണ് സംഭവം. സെപ്റ്റംബർ 2 ന് നടന്ന സംഭവത്തിന്റെ വിഡിയോ ഇന്നലെയാണ് പുറത്തുവന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി അർച്ചന ശിക്കാർപുർ പോലീസിൽ പരാതി നൽകി. മുൻ എംഎൽഎ തന്നെ വീട്ടിൽ കയറി ആക്രമിച്ചതായി അവർ ആരോപിച്ചു. വീട്ടിൽ വനിതാ പോലീസിനെ സുരക്ഷയ്ക്ക് നിയോഗിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മകൻ സമർ പണ്ഡിറ്റിനൊപ്പം ഇരിക്കുമ്പോഴാണ് വാതിൽ തള്ളിത്തുറന്ന് ഗുഡ്ഡു പണ്ഡിറ്റ് വീട്ടിലേക്ക് പ്രവേശിച്ചത്. തുടർന്ന് തന്നെ മർദിച്ചു. ഈ ദൃശ്യങ്ങൾ വീട്ടുജോലിക്കാരി മൊബൈലിൽ പകർത്തി. സംഭവം റെക്കോർഡ് ചെയ്യുന്നത് കണ്ടാണ് ഗുഡ്ഡു പണ്ഡിറ്റ് മർദനം അവസാനിപ്പിച്ചത്. വീട്ടിൽ നിന്നും ഇറങ്ങി ഓടിയതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്നും പോലീസിനു നൽകിയ പരാതിയിൽ അർച്ചന പറയുന്നു. വിവാഹമോചന കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടാണ് ഗുഡ്ഡു പണ്ഡിറ്റ് മർദിച്ചതെന്നും അർച്ചന പറഞ്ഞു. ദമ്പതികൾ തമ്മിലുള്ള വിവാഹമോചന കേസിലെ നടപടികൾ കഴിഞ്ഞ രണ്ട് വർഷമായി തുടരുകയാണ്.






























