ലഖ്നൗ : ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയില്‍ 3000 ടണ്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ. ഏകദേശം 12 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള സ്വര്‍ണമാണ് ഖനനത്തില്‍ കണ്ടെത്തിയത്. സോന്‍ പഹാഡി, ഹാര്‍ദി മേഖലകളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതെന്ന് ജില്ല മൈനിംഗ് ഓഫീസര്‍ കെ കെ റായ് പറഞ്ഞു.
സോന്‍ പഹാഡിയില്‍ മാത്രം 2943. 26 ടണ്‍ സ്വര്‍ണവും ഹാര്‍ദി മേഖലയില്‍ 646.16 ടണ്‍ സ്വര്‍ണവും ഉണ്ടെന്നാണ് കണക്കാക്കുന്നത്. 1992-93 കാലഘട്ടത്തിലാണ് സോന്‍ഭദ്രയിൽ സ്വർണ ശേഖരം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രദേശത്ത് സ്വർണ ശേഖരം കണ്ടെത്താനുള്ള നടപടികൾ ആദ്യം ആരംഭിച്ചത് ബ്രിട്ടീഷുകാരാണെന്നാണ് റിപ്പോർട്ടുകൾ.
സ്വര്‍ണ ഖനനം കണ്ടെത്തിയതിന്റെ പാശ്ചാത്തലത്തില്‍ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഈ ബ്ലോക്കുകള്‍ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ജില്ലാ മൈനിംഗ് ഓഫീസര്‍ അറിയിച്ചു. ഖനനത്തിനായുള്ള ലേലത്തില്‍ സ്വകാര്യ കമ്പനികള്‍ക്കും ഇപ്പോള്‍ പങ്കെടുക്കാന്‍ കഴിയും. സ്വര്‍ണത്തിന് പുറമെ യുറേനിയം ഉള്‍പ്പെടെയുളള ധാതുക്കള്‍ ഈ മേഖലയിലുണ്ടാകാനുള്ള അന്വേഷണവും ജിയോളജിക്കല്‍ സര്‍വെ നടത്തുന്നുണ്ട്.