തിരുവനന്തപുരം : ശ്രീകാര്യത്ത് ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍ . ശ്രീകാര്യം പാങ്ങപ്പാറയില്‍ വാടക വീട്ടിലാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് സുനിലാണ് സുഹൃത്തിനെ വിളിച്ച് തന്റെ ഭാര്യ റൂബി തൂങ്ങിമരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നും അറിയിച്ചത്. ഈ വിവരം സുഹൃത്ത് ശ്രീകാര്യം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പോലീസ് എത്തിയപ്പോഴേയ്ക്കും രണ്ടു പേരെയും തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത് .
ഉടൻതന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. മൂന്ന് ദിവസം മുമ്പ് യുവതി സോഷ്യല്‍ മീഡിയയില്‍ വഴിയേ കാണാം എന്ന് പോസ്റ്റ് ഇട്ടിരുന്നു
‘പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴിയേ പരിചയപ്പെടാം’- ഫേസ് ബുക്കില്‍ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ മൂന്ന് ദിവസം മുമ്പ് ഇങ്ങനെ പോസ്റ്റിട്ട യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശ്രീകാര്യം പോലീസ് അറിയിച്ചു.