തിരുവനന്തപുരം : കാണാതായ ബാങ്ക് മാനേജറെ മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ നാച്ചിപ്പാളയം കാനറാ ബാങ്ക് മാനേജര്‍ പുല്ലമ്പാറ കൂനന്‍വേങ്ങ സ്‌നേഹപുരം ഹില്‍വ്യൂവില്‍ ഷെമി (49) ആണ് മരിച്ചത്. വാമനപുരം ആറ്റിലെ അയണിക്കുഴിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
ബന്ധുക്കളും പോലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം കരക്കെത്തിച്ചു. തിരുവനന്തപുരത്താണ് ഷെമി കുടുംബ സമേതം താമസിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഇവര്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. വിശ്രമത്തിനായാണ് കൂനന്‍വേങ്ങയിലുള്ള കുടുംബ വീട്ടില്‍ എത്തിയത്.
രോഗത്തെ തുടര്‍ന്നും ജോലിയിലെ സമ്മര്‍ദ്ദവും കാരണം ഇവര്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി വീട്ടുകാരോട് പറഞ്ഞിരുന്നു. കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റത്തിനും ശ്രമിച്ചിരുന്നു. അതിനിടെയാണ് മരണം. ഇവര്‍ മൊബൈല്‍ഫോണ്‍ വീട്ടില്‍വെച്ചാണ് പോയത്. കനറാ ബാങ്ക് ഉദ്യോഗസ്ഥനായ സലീമാണ് ഭര്‍ത്താവ്. അക്ബര്‍ സലിം മകനാണ്. ഖബറടക്കം കിഴക്കേമുറി മസ്ജിദ് ഖര്‍സ്ഥാനില്‍ നടക്കും.