ബംഗളൂരു : അമ്മയും മൂന്ന് മക്കളുമുള്‍പ്പെടെ ഒരു വീട്ടിലെ അഞ്ചുപേരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക കൃഷ്ണരാജസാഗറില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും മോഷണശ്രമമാണോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ലക്ഷ്മി (30), മക്കളായ രാജു (10), കോമള്‍ (7), കുനാല്‍ (4), അനന്തരവനായ ഗോവിന്ദ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ലക്ഷ്മിയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ വീടിന്‍റെ കതകില്‍ പലവട്ടം തട്ടിയിട്ടും മറുപടി ലഭിക്കാത്തതില്‍ സംശയം തോന്നിയതോടെ അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ടവര്‍ക്ക് പലതവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. വീട്ടില്‍ നിന്നും വിവിധ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ടെന്നും കൊലപാതകത്തിന് പിന്നില്‍ മോഷണമാണോ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. അയല്‍വാസികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇത്തരമൊരു ക്രൂരകൃത്യം നടന്നിട്ടും സമീപവാസികള്‍ സംഭവം അറിയാത്തതില്‍ ആശയക്കുഴപ്പമുണ്ടെന്നും പോലീസ് പറഞ്ഞു. കുട്ടികള്‍ പോലും ക്രൂരമായി കൊലചെയ്യപ്പെട്ടതിന് പിന്നില്‍ മോഷണമല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകാമെന്നും സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.