വൈക്കം : മത്സ്യക്കുളം നിര്‍മ്മിക്കാനായി നിലംകുഴിച്ചപ്പോള്‍ കണ്ടെത്തിയത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും. വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനു സമീപം കാര്‍ത്തികയില്‍ രമേശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ തലയോട്ടിയും അസ്ഥികളും ലഭിച്ചത്. മീന്‍ വളര്‍ത്താന്‍ ചതുപ്പ് നിലം കുഴിക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. ചെമ്മനത്തുകര സ്വദേശി അപ്പച്ചന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലം ഒരു വര്‍ഷം മുമ്പാണ് രമേശന്‍ വാങ്ങിയത്. സംഭവത്തെ തുടര്‍ന്ന് പോലീസും ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി.
മരിച്ചതു സത്രീയോ പുരുഷനോ, മൃതദേഹത്തിന്റെ കാലപ്പഴക്കം, മരണകാരണം തുടങ്ങിയവ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാണ് ശ്രമം. തലയോട്ടിയിലോ അസ്ഥികളിലോ ആളെ അപായപ്പെടുത്തിയ വിധത്തിലുള്ള പൊട്ടലുകളോ മറ്റോയുണ്ടോയെന്നും പരിശോധിക്കും. ഡി എന്‍എ പരിശോധനയിലൂടെ മൃതദേഹാവശിഷ്ടത്തിന്റെ പഴക്കം നിര്‍ണയിക്കും. വൈക്കം ഡിവൈഎസ്പി എ.ജെ.തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.