മാനന്തവാടി : യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി തുടിയംപറമ്പില്‍ ഷിജോ(37)യെയാണ് അയല്‍വാസിയുടെ പറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാന്‍ എത്തും എന്നു പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഷിജോ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. തുടര്‍ന്ന് തിരിച്ചെത്താതിരുന്നതോടെ ഷിജോയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
പപ്പടം കാച്ചിവെക്കണമെന്നും ഭക്ഷണത്തിന് സമയമാകുമ്പോഴേക്കും എത്തുമെന്നും പറഞ്ഞാണ് രാത്രി എട്ടു മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തായതോടെ വീട്ടുകാര്‍ വിളിച്ചു നോക്കിയെങ്കിലും ഷിജോയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ബുധനാഴ്ച അഞ്ചരയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്നവര്‍ കൈ കഴുകാനായി കുളത്തിനരികെ എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്.
വിവരമറിഞ്ഞ് മാനന്തവാടി ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മാനന്തവാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട് കര്‍ണാടകയിലായിരുന്ന ഷിജോ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയതെന്ന് പറയുന്നു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ഭൂമിക ആണ് ഭാര്യ. ഒരുവയസുള്ള മകളുണ്ട്.