കോതമംഗലം : തങ്കളം ബൈപ്പാസില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച തിരുവനന്തപുരം കാട്ടാക്കട മലയന്‍കീഴ് സ്വദേശിയുടെ മൃതദേഹം സുഹൃത്തുക്കള്‍ വഴിയില്‍ ഉപേക്ഷിച്ചതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ മാസം 24 നാണ് ബൈപ്പാസ് റോഡരികില്‍ മൃതദേഹം കണ്ടെത്തിയത്
കോതമംഗലം തങ്കളം ബൈപ്പാസില്‍ കണ്ടെത്തിയ മൃതദേഹം കൊലപാതകശേഷം ഉപേക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം തിരിച്ചറിഞ്ഞ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഈ മാസം 23 ന് ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ച ശേഷം മരിച്ച ബിജുവും 3 സുഹൃത്തുക്കളും അടിമാലിയില്‍ ലോഡ്ജിലെത്തുകയും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ബിജു താഴേക്ക് വീഴുകയും ചെയ്തു. വീഴ്ചയില്‍ പരിക്കേറ്റ ബിജുവിനെ ആശുപത്രിയില്‍ കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ ഓട്ടോറിക്ഷയില്‍ ലോഡ്ജില്‍ നിന്ന് മടങ്ങി. യാത്രക്കിടെ ബിജു മരിച്ചുവെന്ന് മനസ്സിലാക്കിയ പ്രതികള്‍ കോതമംഗലം ഭാഗത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തില്‍ ബിജുവിന്റെ സുഹൃത്തുക്കളായ ശ്രീജിത്ത് , കുമാരന്‍ , അനില്‍കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. മൃതദേഹം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കണ്ടെടുത്തു. ബിജുവിനെ ആശുപത്രിയില്‍ ആക്കിയാല്‍ പണം ചെലവാകുമെന്നതിനാലാണ് അതിന് തയാറാവാതിരുന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.