ചാലക്കുടി: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റിന്‍റെ മൊഴി ശരിവച്ച് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. നാലംഗ സംഘം സ്വർണ്ണ ഇടപാടിന് എത്തിയതെന്നാണ് വിവരം. മുക്കു പണ്ടം കാണിച്ച് പണം തട്ടിയെടുത്ത് നാലംഗ സംഘം ഓടിരക്ഷപ്പെട്ടെന്നാണ് പരാതിക്കാർ പൊലീസിന് മൊഴി നൽകിയത്. ഏഴ് ലക്ഷം രൂപയുടെ സ്വർണ ഇടപാടിനായാണ് സംഘം എത്തിയത്. എന്നാൽ സ്വർണം നൽകണമെങ്കിൽ ആദ്യം അഡ്വാൻസ് നൽകണമെന്ന് വന്നവർ നിലപാടെടുത്തു. റെയിൽവെ ട്രാക്കിലായിരുന്നു സംഘം ഉണ്ടായിരുന്നത്. പണം ലഭിച്ചയുടനെ ഇവർ മുക്കുപണ്ടം കാട്ടി. അപ്പോഴേക്കും ട്രെയിൻ വന്നു. നാല് ലക്ഷം രൂപയുടെ ബാഗുമായി പ്രതികൾ ട്രാക്കിലൂടെ ഓടി.
ട്രെയിൻ അടുത്തെത്തിയപ്പോൾ പുഴയിലേക്ക് ചാടി. കോഴിക്കോട് സ്വദേശിയുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയാണ് ഇവർ ചാലക്കുടിയിലെത്തിയതെന്നും എന്നാൽ ഈ നാലംഗ സംഘത്തെ പണം നഷ്ടപ്പെട്ടവർക്ക് അറിയില്ലെന്നുമാണ് പൊലീസിന് ലഭിച്ച മൊഴി. ട്രെയിൻ വന്നപ്പോൾ ട്രാക്കിൽ നിന്ന് പുഴയിലേക്ക് എടുത്തുചാടിയ ഇവരെ കുറിച്ച് ലോക്കോ പൈലറ്റാണ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ പുഴയിൽ നിന്ന് നീന്തിക്കയറിയ ഇവർ റെയിൽവേ ട്രാക്ക് വഴി മുരിങ്ങൂർ എത്തിയ സംഘം അവിടെ നിന്നും ഓട്ടോ പിടിച്ച് കൊരട്ടിക്ക് പോയതായി ഓട്ടോറിക്ഷ ഡ്രൈവർ മൊഴി നൽകിയത്. കൊരട്ടിയിൽ നിന്ന് മറ്റൊരു ഓട് റിക്ഷയിൽ കയറിയ സംഘം അങ്കമാലി ഭാഗത്തേക്കാണ് രക്ഷപ്പെട്ടത്. പോലീസ് അന്വേഷണം അങ്കമാലി ഭാഗത്തേക്ക് വ്യാപിപ്പിച്ചു. സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്ക് ഉണ്ടെന്ന സംശയവും ഓട്ടോ ഡ്രൈവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്.