ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് ഇസൂസു. ഒരു കൊമേഴ്‌സ്യൽ പതിപ്പ്, ഒരു പ്രൈവറ്റ് മോഡൽ എന്നിങ്ങനെ എസ്-ക്യാബ്, വി-ക്രോസ് എന്നിങ്ങനെ വ്യത്യസ്‌ത വകഭേദങ്ങളിലും ഈ പിക്കപ്പ് ട്രക്ക് വിപണിയിൽ ലഭ്യമാണ്. അടിക്കടി മോഡലിൽ ചെറിയ ചെറിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് വിപണിയിൽ സജീവമായി നിൽക്കാനും ഇസൂസു ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായിതാ ഡി-മാക്‌സ് എസ്-ക്യാബ് പിക്കപ്പ് ട്രക്കിൽ പുതിയ ടോപ്പ് എൻഡ് Z വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് ഇസൂസു മോട്ടോർസ് ഇന്ത്യ. 15 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ കൊമേർസ്യൽ പർപ്പസ് വാഹനം വിപണനത്തിന് എത്തിയിരിക്കുന്നത്.
ഇസൂസു ഡി-മാക്‌സ് എസ്-ക്യാബ് വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി സംരംഭകരെയും ഫ്ലീറ്റ് ഓപ്പറേറ്റർമാരെയും ലക്ഷ്യമിട്ടുള്ള ഒരു വാണിജ്യ ക്രൂ ക്യാബാണെന്ന് കമ്പനി തന്നെ പറയുന്നുണ്ട്. Z വേരിയന്റ് പുതിയ ഫീച്ചറുകളും ക്രിയേറ്റീവ് കംഫർട്ട് സവിശേഷതകളും കോർത്തിണക്കിയാണ് വിപണി പിടിക്കാൻ എത്തുന്നത്. പിക്കപ്പ് തെരഞ്ഞെടുക്കുന്ന ഉടമകൾക്ക് വാഹനം തികച്ചും പ്രായോഗികമാക്കുന്ന എന്നതാണ് ജാപ്പനീസ് ബ്രാൻഡ് പുതിയ വേരിയന്റ് അവതരിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
ഡിസൈനിലും പ്രീമിയം ഫീൽ നിലനിർത്താനായി ക്രോം ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഡോർ ഹാൻഡിലുകളിൽ ക്രോം ഫിനിഷ്, ടെയിൽഗേറ്റ് ഹാൻഡിൽ തുടങ്ങിയ ഫീച്ചറുകൾ പുതിയ ഇസൂസു ഡി-മാക്‌സ് എസ്-ക്യാബ് Z വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടേൺ ഇൻഡിക്കേറ്ററുകൾ, റൂഫ് റെയിലുകൾ, ഗൺമെറ്റൽ ഫിനിഷ്ഡ് ഷാർക്ക് ഫിൻ ആന്റിന, പുതിയ സിക്‌സ് സ്‌പോക്ക് വീൽ കവറുകൾ എന്നിവയും വാഹനത്തിന്റെ ഹൈലൈറ്റുകളാണ്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ക്രോം-ഫിനിഷ്ഡ് റിയർ വ്യൂ മിററുകൾ ഇസൂസു സമ്മാനിച്ചത് ക്രൂ ക്യാബിന്റെ ലുക്ക് വർധിപ്പിക്കുന്നുണ്ട്.
ടോപ്പ്-എൻഡ് ഡി-മാക്‌സ് എസ്-ക്യാബ് Z വേരിയന്റിന്റെ ക്യാബിന് ആന്റി-സ്‌കിഡ് സൈഡ്‌സ്‌റ്റെപ്പുകൾ, കീലെസ് എൻട്രി, പിയാനോ ബ്ലാക്ക് ഫിനിഷ് ട്രിമ്മുകൾ, മൾട്ടി-ഫംഗ്ഷൻ ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-ടോൺ ഡാർക്ക് ഗ്രേ അപ്‌ഹോൾസ്റ്ററി എന്നിവയെല്ലാം ഇന്റീരിയറിൽ ഇടംപിടിച്ചു. ഇതുകൂടാതെ ഉയരം ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും മുൻ സീറ്റുകളിൽ റിയർ പോക്കറ്റുകളും ഈ മോഡലിലുണ്ട്. സേഫ്റ്റിയിലും പ്രത്യേക ശ്രദ്ധകൊടുത്താണ് ഇസൂസു പുതിയ ഡി-മാക്‌സ് എസ്-ക്യാബ് Z വേരിയന്റിന്റെ പുറത്തിറക്കിയിരിക്കുന്നത്. പിൻ സീറ്റുകളിൽ ISOFIX ആങ്കറേജുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, ഫ്രണ്ട് ആൻഡ് റിയർ ക്രംപിൾ സോണുകൾ, ക്രോസ് കാർ ഫ്രണ്ട് ബീം, ഡോർ സൈഡ് ഇൻട്രൂഷൻ പ്രൊട്ടക്ഷൻ, കൊളാപ്‌സിബിൾ സ്റ്റിയറിംഗ് കോളം എന്നിവയെല്ലാമാണ് സുരക്ഷക്കായി അണിനിരത്തിയിരിക്കുന്നത്.