ഇന്ത്യൻ വിപണിയിൽ ഏതു കാർ പുറത്തിറക്കിയാലും ഹിറ്റടിക്കുന്ന ചരിത്രമാണ് ഇപ്പോൾ ടാറ്റയുടെ ചരിത്രത്തിലുള്ളത്. ഒരു കാലത്ത് കമ്പനിയുടെ മുന്നിൽ മുഖംതിരിച്ചു നിന്നിരുന്നവരെ തങ്ങളുടെ പാളയത്തിലെത്തിലേക്ക് തന്നെ തിരികെയെത്തിച്ച മുതലാണ് നെക്സോൺ എന്ന കോംപാക്‌ട് എസ്‌യുവി. വിപണിയിൽ എത്തിയ നാൾ മുതൽ നല്ലത് മാത്രം പറയിപ്പിച്ച വണ്ടി 2020-ലെ ആദ്യ ഫെയ്‌സ്‌ലിഫ്റ്റിലൂടെ നടന്നുകയറിയത് ഇന്ത്യയിലെ എസ്‌യുവി മോഡലുകളുടെ തലപ്പത്തേക്കായിരുന്നു. ടാറ്റ മോട്ടോര്‍സ് എന്ന കാര്‍ ബ്രാന്‍ഡിന്റെ മേല്‍വിലാസം തന്നെ മാറ്റിക്കുറിച്ച മോഡലുകളില്‍ ഒന്നാണ് നെക്‌സോണ്‍ എന്നും വിശേഷിപ്പിക്കാം. സേഫ്റ്റിയും ഡ്രൈവിംഗ് മികവും അത്യാവിശ്യം ഫീച്ചറുകളുമെല്ലാമായി എത്തിയ വണ്ടിയെ ആളുകൾ നെഞ്ചിലേറ്റി. അങ്ങനെ മൂന്നുകൊല്ലത്തോളം തർത്തോടുമ്പോഴാണ് മുഖ്യശത്രുവായ മാരുതി ബ്രെസ പുതിയ അവതാരത്തിൽ ആളുകളെ കൈയിലെടുക്കാൻ തുടങ്ങിയത്.
കൂട്ടിന് ഫ്രോങ്ക്‌സ് എന്ന ക്രോസ്ഓവർ മോഡലും നെക്സോണിന് വെല്ലുവിളിയായി. എന്ന തക്കസമയത്ത് പ്രതികരിക്കുക എന്നത് ടാറ്റയുടെ പ്രധാന നയമാണ്. ഇതിന്റെ ഭാഗമായിതാ നെക്സോണിന്റെ മുഖംമിനുക്കിയ 2023 മോഡലുമായി വിപണിയിലേക്ക് എത്തിയിരിക്കുകയാണ് കമ്പനി. ആരുംകണ്ടാൽ മോഹിക്കുന്ന ലുക്കും അമ്പരിപ്പിക്കുന്ന പരിഷ്ക്കാരങ്ങളും ഫീച്ചറുകളും കോർത്തിണക്കിയാണ് രണ്ടാം ഫെയ്‌സ്‌ലിഫ്റ്റ് നെക്സോണിനെ ടാറ്റ മെനഞ്ഞെടുത്തിരിക്കുന്നത്. സെപ്റ്റംബർ നാലിന് ബുക്കിംഗ് ആരംഭിക്കുന്ന വണ്ടിയുടെ വില പ്രഖ്യാപനവും മറ്റും സെപ്റ്റംബർ 14-ന് നടക്കും.
നെക്സോൺ ഇവിയും ഇതേമാറ്റങ്ങളുമായി അവതരിപ്പിച്ചിട്ടുണ്ട്. കർവ്, ഹാരിയർ ഇവി കൺസെപ്റ്റുകളിൽ നിന്നുള്ള പ്രചോദനവും പുതിയ ഡിസൈനിൽ കാണാനാവും. അടിസ്ഥാന രൂപം അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും ഗ്രില്ലും അതിന്റെ ചുറ്റുപാടുകളുമെല്ലാം കമ്പനി പൊളിച്ചെഴുതിയിട്ടുണ്ട്. പുറത്ത് നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് ടാറ്റ മോട്ടോർസ് ലോഗോ ഉൾക്കൊള്ളുന്ന കട്ടിയുള്ള അപ്പർ ഗ്രിൽ സെക്ഷനോടുകൂടിയ സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് ഇപ്പോൾ ലഭിക്കുന്നത്. ഹെഡ്‌ലൈറ്റുകളുടെ താഴത്തെ ഭാഗം ഒരു വലിയ ഗ്രില്ലുള്ള ഒരു ട്രപസോയ്ഡൽ ഹൗസിംഗിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതിന് കുറുകെ ഒരു കട്ടിയുള്ള പ്ലാസ്റ്റിക് ബാറൂം കാണാം. പുതുക്കിയ നെക്‌സോണിന് പുതിയ സീക്വൻഷ്യൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് സിഗ്നേച്ചറുകളും സമ്മാനിച്ചിരിക്കുന്നതും ലക്ഷ്വറി ഫീൽ ഉയർത്തുന്നുണ്ട്. ഇനി വശക്കാഴ്ച്ചയിലേക്ക് വന്നാൽ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നത് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.
എന്നാൽ പുതുമ നൽകാനായി പുതിയ ആക്‌സന്റ് ലൈനിന് പുറമെ കോൺട്രാസ്റ്റിംഗ് നിറത്തിലുള്ള പുതിയ അലോയ് വീലുകളും ഒരുക്കിയിട്ടുണ്ട്. അവിടുന്ന് പിന്നിലേക്ക് വന്നാൽ മാറ്റങ്ങൾ മുൻവശത്തിന് സമാനമാണ്. പലരും പണ്ട് കുറ്റം പറഞ്ഞിരുന്ന ലുക്ക് പാടെ മാറ്റാൻ ടാറ്റ ശ്രമിച്ചിട്ടുണ്ട്. കുറച്ചുകൂടി ഉടച്ചുവാർത്ത പിൻവശത്ത് പൂർണ വീതിയിൽ ഒഴുകുന്ന എൽഇഡി ടെയിൽലൈറ്റാണ് ഹൈലൈറ്റ് ചെയ്‌തു നിൽക്കുന്നത്. റിവേഴ്സ് ലൈറ്റ് ടെയിൽ-ലൈറ്റ് ഹൗസിംഗിൽ നിന്ന് ബമ്പറിലേക്ക് നീങ്ങിയിട്ടുണ്ട്. എന്നാൽ മുമ്പത്തെപ്പോലെ ബമ്പറിൽ തന്നെയാണ് നമ്പർ പ്ലേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് ഒരു ഫോക്സ് സ്കിഡ് പ്ലേറ്റും ലഭിക്കുന്നു. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് പഴയ മോഡലിന് സമാനമായി 208 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് തന്നെയാണുള്ളത്. ഇനി ഇന്റീരിയറിലേക്ക് കയറിയാലും പാടെ പൊളിച്ചെഴുതിയ അകത്തളമാവും നിങ്ങളെ സ്വാഗതം ചെയ്യുക. 2023 നെക്‌സോണിന് വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനും പുതിയ രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീലും പോലുള്ള മാറ്റങ്ങളാണുള്ളത്.
പുതിയ ടച്ച്‌സ്‌ക്രീൻ സജ്ജീകരണവും ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും കർവ് കൺസെപ്‌റ്റിന്റെ ഇന്റീരിയറിന് സമാനമാണ്. എസി വെന്റുകൾ ഇപ്പോൾ മെലിഞ്ഞതും കൂടുതൽ ആംഗുലറുമാണ്. ടച്ച് അധിഷ്ഠിത HVAC കൺട്രോളുകളാൽ ചുറ്റപ്പെട്ട രണ്ട് ടോഗിളുകൾ സെന്റർ കൺസോളിൽ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ ടാറ്റ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി തന്നെയാണ് നൽകുന്നത്. സ്മാർട്ട്, സ്മാർട്ട് പ്ലസ്, പ്യുവർ, ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ്, ഫിയർലെസ് എന്നീ വേരിയന്റുകളിലാണ് പുതിയ 2023 നെക്സോൺ വിപണിയിലെത്തുന്നത്. എഞ്ചിൻ വിശദാംശങ്ങളിലേക്ക് വന്നാൽ നിലവിലെ മോഡലിലെ അതേ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ തന്നെയാണ് വാഹനത്തിനുള്ളത്. പുതിയ 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്, 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി എന്നിങ്ങനെ നാല് ഗിയർബോക്സുകൾ പെട്രോൾ നെക്സോണിൽ തെരഞ്ഞെടുക്കാനാവും.