കൊച്ചി: എറണാകുളം നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്ന സംഘത്തിലെ നാലുപേർ എക്സൈസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സേലാംസേട്ട് പറമ്പ് സീനത്ത് മൻസിലിൽ മുഹമ്മദ് ഇർഫാൻ (21), മട്ടാഞ്ചേരി കൽവത്തി പനച്ചിക്കൽ വീട്ടിൽ ആഷിദ് അഫ്സൽ (22), ഇടുക്കി കട്ടപ്പന മുട്ടത്ത് വീട്ടിൽ തോമസ് സാബു (തോമ -25), ഇടുക്കി കാഞ്ചിയാർ നരിയമ്പാറ പുളിക്കമാക്കൽ വീട്ടിൽ അജേഷ് (23) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം എൻഫോഴ്സ്മെന്റ് അസി. കമീഷണറുടെ സ്പെഷൽ ആക്ഷൻ ടീമാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് ആറ് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട്.
മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ആഡംബര കാറും ബൈക്കും അഞ്ച് സ്മാർട്ട് ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്നുകളുടെ ഉറവിടം സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. സജീവ് കുമാർ, ഇന്റലിജൻസ് പ്രിവന്റിവ് ഓഫീസർ എൻ.ജി. അജിത് കുമാർ, എം.ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എൻ.ഡി. ടോമി, സി.ഇ.ഒ ടി.പി. ജയിംസ്, കെ.കെ. മനോജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.