ന്യൂഡല്‍ഹി : ദേശീയ ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ നാലാം ഘട്ട ലോക്ക് ഡൗണിൽ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നൽകേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നു. ഇതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചർച്ചകളാണ് കേന്ദ്രസർക്കാരിൽ നടക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിക്കുക.
ലോക്ക് ഡൗൺ മൂലം നിർജീവമായ രാജ്യത്തെ ഭാഗീകമായെങ്കിലും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടു വരുന്ന തരത്തിലാവും നാലാം ഘട്ട ലോക്ക് ഡൗൺ നടപ്പാക്കുക എന്നാണ് സൂചന. ഇക്കാര്യം നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു. പൂർണമായും നിർത്തിവെച്ച വിമാനസർവ്വീസുകളുടെ നാലിൽ ഒന്നെങ്കിലും നാലാം ഘട്ട ലോക്ക് ഡൗണിൽ തുടങ്ങും എന്നാണ് സൂചന. ഇക്കാര്യത്തിൽ ഇന്നോ നാളെയോ കേന്ദ്രസർക്കാർ അന്തിമ തീരുമാനമെടുക്കും.
ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ള മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാനും നാലാം ഘട്ട ലോക്ക് ഡൗണിൽ അനുമതിയുണ്ടാവും. ഓൺലൈൻ വ്യാപാരത്തിന് ഏർപ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിൻവലിക്കും. എല്ലാതരം ഓൺലൈൻ വ്യാപാരവും അനുവദിക്കും.
ഹോട്ട് സ്പോട്ടുകൾ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നൽകിയേക്കും. ട്രെയിനുകളിൽ എത്തുന്ന യാത്രക്കാരെ പ്രത്യേക ബസുകളിൽ വീടുകളിൽ എത്തിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിനായി സമൂഹ്യ അകലം ഉറപ്പാക്കി ബസ് സർവ്വീസുകൾ നടത്താമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.
മൂന്നാംഘട്ട ലോക്ഡൗൺ ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. മൂന്നാംഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും നാലാംഘട്ട ലോക്ഡൗൺ എന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. കൂടുതൽ പ്രത്യേക യാത്ര ട്രെയിനുകൾ പ്രഖ്യാപിച്ചേക്കും. മെട്രോ, ബസ് സർവീസുകളുടെ കാര്യത്തിലും ഇളവുകൾ ഉണ്ടായേക്കും.