കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം. പീഡനക്കേസില്‍ സാക്ഷിയായ മറ്റൊരു കന്യാസ്ത്രിയാണ് ഫ്രാങ്കോയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത് . കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രി പോലീസിന് നല്‍കിയ സാക്ഷിമൊഴിയിലാണ് ബിഷപ്പിനെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചിരിക്കുന്നത്. മഠത്തില്‍ വച്ച് ബിഷപ്പ് ഒരിക്കല്‍ തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിലുണ്ട്.
വിഡീയോ കോളില്‍ തന്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രിയുടെ മൊഴിയിലുണ്ട്. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നൽകിയത്. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യുവതിയുടെ സാക്ഷിമൊഴിയില്‍ പോലീസ് കേസെടുത്തില്ല. പരാതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് പോലീസ് പറയുന്നത്.