പത്തനംതിട്ട : വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുടെ ചിത്രം മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത യുവാക്കള്‍ക്ക് പണം വാങ്ങി അയച്ചു കൊടുത്ത് തട്ടിപ്പിന് ശ്രമിച്ച കേസില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് തെക്ക് നിധിന്‍ ഭവനം വീട്ടില്‍ നിന്നും ഏഴംകുളം പറക്കോട് എം.ജി.എം സ്‌കൂളിന് സമീപം നിധിന്‍ ഭവനം വീട്ടില്‍ താമസിക്കുന്ന കെ സി രാജന്‍ (54), ഇയാളുടെ ഭാര്യ ബിന്ദു രാജന്‍ (48) എന്നിവരാണ് പിടിയിലായത്. കേസില്‍ എറണാകുളം സ്വദേശി തോമസാണ് ഒന്നാം പ്രതി. തോമസും രാജനും ചേര്‍ന്നാണ് മാട്രിമോണിയല്‍ സൈറ്റ് നടത്തിയത്.
തോമസിന്റെ ഫോണില്‍ നിന്നും ഫോട്ടോയും മറ്റു വിവരങ്ങളും സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവാക്കള്‍ക്ക് അയച്ചു കൊടുത്ത് അവരില്‍ നിന്ന് പണം ഈടാക്കുകയായിരുന്നു. ബിന്ദുവിന്റെ യു.പി.ഐ ഐഡി വഴിയാണ് പണം വാങ്ങിയത്. യുവതിയുടെ ചിത്രം മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പരിചയക്കാരനായ യുവാവിന് അയച്ചു കൊടുത്തതാണ് തട്ടിപ്പ് പുറത്തു വരാന്‍ കാരണം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരാതിക്കാര്‍ തന്നെയാണ് പ്രതികളെ കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒന്നാം പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതപ്പെടുത്തി.