ആന്ധ്രാപ്രദേശ് : ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്‌പ എടുത്ത ദമ്പതികള്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവാരത്താണ് സംഭവം. നഗരത്തിലെ താമസക്കാരായ കൊല്ലി ദുര്‍ഗറാവു, രമ്യലക്ഷ്‌മി എന്നിവരാണ് ബുധനാഴ്‌ച ആത്മഹത്യ ചെയ്‌തത്. ദുര്‍ഗാറാവുവിന് പെയിന്‍റിംഗും രമ്യലക്ഷ്‌മി തയ്യല്‍ ജോലിയും ചെയ്‌താണ് വരുമാനം കണ്ടെത്തിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അടുത്തിടെ രണ്ട് ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നായി ദമ്പതികള്‍ കുറച്ച് തുക വായ്‌പ എടുത്തിരുന്നു.
തുടര്‍ന്ന് നിശ്ചിത സമയത്തിനുള്ളില്‍ പണം നല്‍കാത്തതിനാല്‍ ആപ്പുകളുടെ അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍ നിരന്തരം പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ശല്യം ചെയ്യുന്നത് പതിവായി. ഇവരുടെ ഭീഷണി താങ്ങാനാവാതെ കുറച്ച് കാശ് തിരിച്ചടച്ചു. എന്നാല്‍ കൂടുതല്‍ പണം നല്‍കണമെന്നും അല്ലാത്ത പക്ഷം രമ്യലക്ഷ്‌മിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പണം തിരിച്ചടക്കുന്നതിനായി ഡെലിവറി ജോലികളും ദുര്‍ഗറാവു ചെയ്‌തു തുടങ്ങി.
ഇതിനിടെ ആപ്പ് മാനേജര്‍മാര്‍ രമ്യലക്ഷ്‌മിയുടെ മോര്‍ഫ് ചെയ്‌ത നഗ്ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയച്ച് ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. രണ്ട് ദിവസത്തിനകം മുഴുവന്‍ വായ്‌പയും പലിശ സഹിതം അടച്ചില്ലെങ്കില്‍ ഈ ചിത്രം സഹിതം അശ്ലീല വീഡിയോയും ഉണ്ടാക്കി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പശ്ചിമ ഗോദാവരി ജില്ലയിലെ മൊഗല്‍ത്തൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങി. തുടര്‍ന്ന് നഗരത്തിലെ ഗോദാവരി തീരത്തുള്ള ലോഡ്‌ജില്‍ മുറി വാടകയ്‌ക്കെടുത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് രാജമഹേന്ദ്രവാരത്ത് താമസിക്കുന്ന രമ്യലക്ഷ്‌മിയുടെ മൂത്ത സഹോദരിയെയും ഭര്‍ത്താവിനെയും വിളിച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്നും രണ്ട് മക്കളേയും നോക്കണമെന്നും അറിയിച്ചു. തുടര്‍ന്ന് സഹോദരിയുടെ ഭര്‍ത്താവ് രാജേഷ് ഉടന്‍തന്നെ ലോഡ്‌ജില്‍ എത്തിയെങ്കിലും ദമ്പതികള്‍ വിഷം കഴിച്ചിരുന്നു. ഇരുവരെയും രാജമഹേന്ദ്രവാരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോണ്‍ ആപ്പുകള്‍ക്കെതിരെ പരാതിയുമായി ബന്ധുക്കളും രംഗത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.