കോട്ടയം : പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ ആള്‍മാറാട്ടം നടത്തി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. പോലീസ് ഉദ്യോഗസ്ഥരുടെ പേരും പദവിയും ഉപയോഗിച്ച് ഫ്ലിപ്കാര്‍ട്ട് വഴി തട്ടിപ്പ് നടത്തിയ കൂത്താട്ടുകുളം മണ്ണത്തൂര്‍ പെരിങ്ങാട്ടുപറമ്പില്‍ നിമിന്‍ ജോര്‍ജ് സന്തോഷ് (22) എന്നയാളെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജപേരില്‍ ആരക്കുന്നത്തുള്ള പ്രമുഖ ആശുപത്രിയുടെ വിലാസത്തില്‍ ഫ്ലിപ്കാര്‍ട്ടില്‍നിന്ന് 1,84,000 രൂപ വിലമതിക്കുന്ന കാമറ ഓര്‍ഡര്‍ ചെയ്തു വാങ്ങിയശേഷം ‘സി.ഐ ഓഫ് പോലീസ് മണര്‍കാട്’ എന്ന വ്യാജപേര് ഉപയോഗിച്ച് ഈ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയും തുടര്‍ന്ന് ഡെലിവറി റിട്ടേണ്‍ എടുക്കാന്‍ വന്ന സമയത്ത് ഇയാള്‍ വാങ്ങിയ കാമറക്ക് പകരം വിലകുറഞ്ഞ ഉപയോഗശൂന്യമായ സമാനരീതിയിലുള്ള കാമറ തിരികെ നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് ഡെലിവറി ഏജന്റിന് സംശയം തോന്നുകയും പോലീസില്‍ വിവരം അറിയിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത് കൂടാതെ ഇയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്നും കഞ്ചാവും പിടികൂടി. സമാനരീതിയില്‍ ഇയാള്‍ മറ്റുസ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. മണര്‍കാട് എസ്.എച്ച്.ഒ അനില്‍ ജോര്‍ജ്, എസ്.ഐമാരായ ബിനു, അനില്‍കുമാര്‍, പ്രസന്നന്‍, സി.പി.ഒമാരായ സുധീഷ്, വിബിന്‍ എന്നിവര്‍ ചേര്‍ന്നാണ്പ്രതിയെ പിടികൂടിയത്.