റാന്നി : പണംതട്ടിപ്പുകാർ കെ.എസ്.ഇ.ബിയുടെ പേരിലും വ്യാജസന്ദേശവുമായി രംഗത്ത്. വൈദ്യുതിച്ചാർജ് അടച്ചിട്ടില്ലെന്നും കണക്ഷൻ വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുമായിട്ടാണ് മൊബൈൽ ഫോണുകളിൽ സന്ദേശമെത്തുന്നത്. രാത്രി കണക്ഷൻ വിച്ഛേദിക്കുമെന്നാണ് മുന്നറിയിപ്പ്. സന്ദേശം ലഭിച്ച പലരും ആ നമ്പറുകളിലേക്ക് ബന്ധപ്പെട്ടപ്പോൾ ഓൺലൈൻ ആയി അടച്ചവരെയാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു മറുപടി.
പണം അടച്ചവരോട് വീണ്ടും പത്ത് രൂപ മാത്രം ഇവരുടെ നമ്പറിലേക്ക് അയയ്‌ക്കുവാനാണ് ഇംഗ്ലീഷിൽ നൽകുന്ന നിർദേശം. ഇതിലൂടെ അവരുടെ ബാങ്ക് അക്കൗണ്ടടക്കമുള്ള വിവരം കൈക്കലാക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കെ.എസ്.ഇ.ബി റാന്നി നോർത്ത് സെക്ഷൻ അധികൃതര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഒപ്പം നവമാധ്യമങ്ങളിൽ ഇത്തരം സന്ദേശം നൽകുന്ന ഫോൺ നമ്പറുകളിലേക്ക് വിളിക്കുകയോ എ.ടി.എം കാർഡിന്റെ നമ്പർ നൽകുകയോ ചെയ്യരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു.