തിരുവനന്തപുരം : മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ് കേസിൽ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെയും അദ്ദേഹത്തിന്റെ ഓഫീസിനെതിരെയും നിർണായക തെളിവുകൾ ലഭിച്ചതായാണ് എസ്ഐടിയുടെ റിപ്പോർട്ടിൽ പറയുന്നത്. സ്പോൺസർക്ക് അന്യായമായ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കരാർ നടപടികളിൽ കായികവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ മന്ത്രിയും ഓഫീസിലെ ചില ഉദ്യോഗസ്ഥരും ഇടപെട്ടതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സ്പോൺസർക്ക് അനുകൂലമായ രീതിയിൽ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചുവെന്നും എസ്ഐടി ചൂണ്ടിക്കാട്ടുന്നു. മുൻ മന്ത്രിയുടെ ഇ-മെയിൽ ഔദ്യോഗിക ഇടപാടുകൾക്കായി ഉപയോഗിച്ചതും അന്വേഷണത്തിൽ പരിശോധിച്ചിരുന്നു.
മുൻമന്ത്രി വി. അബ്ദുറഹിമാനെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ടെൻഡർ നടപടികളില്ലാതെ സ്പോൺസർഷിപ്പ് കരാർ നൽകിയതുമായി ബന്ധപ്പെട്ട ഇടപെടലുകൾ, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ചർച്ചകൾക്കായി നടത്തിയ വിദേശയാത്രകൾ, മന്ത്രിയുടെ ഓഫീസ് നടത്തിയ ആശയവിനിമയങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. അതേസമയം കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശുപാർശ ചെയ്തിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടിലെ എസ്ഐടി നിലപാട്.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. നേരത്തെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡിജിപി എസ്ഐടി റിപ്പോർട്ട് വിശദമായി പരിശോധിച്ചുവരികയാണ്. റിപ്പോർട്ട് ഉടൻ ആഭ്യന്തരവകുപ്പിന് കൈമാറും. തുടർന്ന് അഴിമതി നിരോധന നിയമപ്രകാരമുള്ള തുടർനടപടികളും വി. അബ്ദുറഹിമാനെ കേസിൽ പ്രതി ചേർക്കുന്നതടക്കമുള്ള കാര്യങ്ങളിലും തീരുമാനമുണ്ടാകും.
മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ്, സാമ്പത്തിക ഇടപാടുകൾ, ഔദ്യോഗിക നടപടികൾ എന്നിവയിലാണ് എസ്ഐടി അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൽ മുൻമന്ത്രിയുടെ പങ്ക് സംബന്ധിച്ച രേഖകളും മൊഴികളും പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.































