കോന്നി : സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൻ്റെ രജിസ്ട്രേഷൻ തുടങ്ങിയതായി സമൂഹ മാധ്യമങ്ങൾ വഴി കോന്നിയിലും വ്യാജ പ്രചരണം സജ്ജീവം. കേന്ദ്ര സർക്കാർ പദ്ധതിയായ ഹെൽത്ത് ഐഡി പദ്ധതിയാണ് ചികിത്സ പദ്ധതിയായി ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നത്. ഇത്തരത്തിൽ രജിസ്ട്രേഷൻ ഫീ ഇനത്തിൽ പലർക്കും പണം നഷ്ടപ്പെടുകയും ചെയ്തു.
ഇരുപത് മുതൽ ഇരുനൂറ് രൂപ വരെ ഇത്തരത്തിൽ ഈടാക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തെ തുടർന്ന് നിരവധി ആളുകളാണ് കോന്നിയിലെ അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നത്. പലപ്പോഴും അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർ ഇവരെ വിവരം പറഞ്ഞ് മനസിലാക്കി തിരിച്ചയക്കുകയാണ് പതിവ്.
ഹെൽത്ത് ഐഡിയുടെ സൈറ്റിൽ വ്യക്തിയുടെ ആധാർ വിവരങ്ങളും മൊബൈൽ നമ്പറും നൽകുമ്പോൾ ലഭിക്കുന്ന ഹെൽത്ത് ഐ ഡി ആരോഗ്യ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുകയും ആരോഗ്യ വിവരങ്ങളും റെക്കോഡുകളും അടക്കം ഡിജിറ്റലായി സൂക്ഷിക്കുവാനും പരിശോധിക്കുവാനും കഴിയുന്നതിനും അവസരമൊരുക്കുമെന്നുമാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ ഹെൽത്ത് ഐ ഡി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് ആണെന്ന് തെറ്റിധരിപ്പിച്ചാണ് കോന്നിയിൽ ജനങ്ങളെ പറ്റിക്കുന്നത്.
അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായി പ്രവർത്തിക്കുന്ന വ്യാജ ജന സേവനകേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്നും പറയപ്പെടുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ഓൺലൈൻ സേവനം നൽകാൻ സംസ്ഥാന സർക്കാർ അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ കേരളത്തിൽ സൗജന്യ ചികിത്സ സൗകര്യം ലഭ്യമാകുന്നത് കാരണ്യ ബെലവനൻ്റ് ഫണ്ട്, കാരുണ്യ സുരക്ഷ പദ്ധതി എന്നീ രണ്ട് പദ്ധതികളിലൂടെയാണ്. ഈ പദ്ധതികൾ നടപ്പിക്കുന്നത് സംസ്ഥാന ഹെൽത്ത് ഏജൻസിയാണ്.