റാന്നി: പെരുനാട് സർവീസ് സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച സഹകാരികൾക്ക് നിക്ഷേപത്തുക തിരിച്ച് നൽകാത്തതിലും, ഭരണസമിതിയിലെ പ്രസിഡണ്ടും ചില ജീവനക്കാരും നിക്ഷേപ തുക ഉപയോഗിച്ച് നിക്ഷേപകർ അറിയാതെ ലോണെടുത്ത് ബിസിനസുകൾ നടത്തി വൻക്രമക്കേടുകൾ വരുത്തി സർവീസ് സൊസൈറ്റിയിലെ പ്രവർത്തനം നിശ്ചലമാക്കിയിരിക്കുകയാണ്. ഏറിയ പങ്കും പെരുനാട്ടിലെ സാധാരണക്കാർ തോട്ടം മേഖലയിലും, കാർഷിക മേഖലയിലും, സ്വകാര്യ കമ്പനികളിലും ജോലിചെയ്ത് സമ്പാദിച്ച തുകയാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. ചികിത്സയുടെ ആവശ്യത്തിനും, മക്കളുടെ വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കുമാണ് തുക നിക്ഷേപിച്ചിരുന്നത്.
ആവശ്യങ്ങൾ വന്നപ്പോൾ നിക്ഷേപകർ തുക തിരികെ ആവശ്യപ്പെടുമ്പോൾ കൊടുക്കാതെ പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. ബാങ്ക് പറയുന്ന ന്യായം ലോൺ എടുത്തവർ തിരിച്ചടച്ചിട്ടില്ല അതുകൊണ്ടാണ് എന്ന്, എന്നാൽ ഇവിടെ ഏറിയ പങ്കും ലോൺ എടുത്തിരിക്കുന്നത് ഭരണസമിതിയുടെ ഇഷ്ടക്കാരും സ്വന്തം പാർട്ടിക്കാരും ആണ്. പലർക്കും ഈട് കൊടുക്കുന്ന സ്ഥലത്തിനു ഗവൺമെന്റ് നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുകയാണ് ലോൺ നൽകിയിരിക്കുന്നത്. ബാങ്കിന്റെ പ്രസിഡന്റ് പി എസ് മോഹനൻ റാന്നി ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡണ്ടാണ്, നേരത്തെ ഈ സൊസൈറ്റിക്ക് വേണ്ടി സ്ഥലം വാങ്ങിയതിൽ അഴിമതി നടത്തിയത് സിപിഎം അന്വേഷിക്കുകയും പാർട്ടിയിൽ നിന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. അന്ന് ഭാര്യയുടെ പേരിൽ സ്ഥലം വാങ്ങുകയും തിരിച്ചു സൊസൈറ്റിക്ക് വിൽക്കുകയും ആണ് ചെയ്തിരുന്നത്.
ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയാണ് ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുന്നത് ഇന്ന് നടത്തിയത് ഒരു സൂചന സമരം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകരെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായിട്ട് മുമ്പോട്ട് പോയി നിക്ഷേപകരുടെ തുക തിരിച്ചു വാങ്ങി കൊടുക്കും എന്ന് സമരം ഉത്ഘാടനം ചെയ്തു ബിജെപി ജില്ലാ സെക്രട്ടറി ബിന്ദു പ്രകാശ് പറഞ്ഞു. ബിജെപി പെരുനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സോമസുന്ദരൻ പിള്ളയുടെ അധ്യക്ഷതയിൽ, ബിജെപി റാന്നി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ മഞ്ജുളാ ഹരി, വസന്ത സുരേഷ്, ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സാനു മാമ്പാറ, സെക്രട്ടറി അജി മോൻ, ശിവാനന്ദൻ ളാഹ, സോമരാജൻ മന്നപ്പുഴ, ഷൈലജ മന്നപ്പുഴ, രാജൻ മാടമൻ, അനിൽകുമാർ മാടമൺ, ശർമ്മ ടി എസ്, സിന്ധു ലേഖ എന്നിവർ പ്രസംഗിച്ചു.