റാന്നി : കോവിഡ് കാരണം മുടങ്ങിക്കിടന്നിരുന്ന കാഴ്ച നേത്രദാന സേനയുടെയും മധുര അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ പുനരാരംഭിക്കുന്നു. കാഴ്ചയുടെ 92-ാമത് ക്യാമ്പ് മുക്കാലുമൺ കൗണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ എട്ട് മണിമുതൽ ഒരുമണിവരെ മുക്കാലുമൺ എസ്എൻഡിപി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.
മധുര അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ധരായ ഡോക്ടർമാർ അടങ്ങുന്ന 22 അംഗ സംഘം ക്യാമ്പിൽ എത്തുന്ന രോഗികളെ വിശദമായി പരിശോധിക്കുന്നതും ചികിത്സ നിർദ്ദേശിക്കുന്നതാണ്. തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തും. ഇവരുടെ താമസം, ഭക്ഷണം, യാത്രാചെലവ്, തിമിര ശസ്ത്രക്രിയ, കണ്ണിലിടുന്ന ലെൻസ്, മരുന്നുകൾ എന്നിവ പൂർണമായും സൗജന്യം ആയിരിക്കും. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവർ വീട്ടുകാരുടെ അറിവോടും സമ്മതത്തോടും കൂടി മൂന്നു ദിവസത്തെ താമസത്തിനുള്ള തയ്യാറെടുപ്പോടെ ക്യാമ്പിൽ എത്തിച്ചേരേണ്ടതാണ്.
ഇവരെ അന്നേദിവസം തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയിൽ എത്തിച്ച് ചികിത്സക്ക് ശേഷം മൂന്നാം ദിവസം തിരികെ റാന്നിയിൽ എത്തിക്കുന്നതാണ്. 91 ക്യാമ്പുകളിലായി 8563 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും 76921 പേർക്ക് പൂർണമായ സൗജന്യ നേത്ര ചികിത്സയും കാഴ്ചയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ക്യാമ്പിന്റെ ഉദ്ഘാടനം റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ നിർവഹിക്കും. കാഴ്ച ജനറൽ സെക്രട്ടറിയും കേരള പി എസ് സി അംഗവുമായ റോഷൻ റോയി മാത്യു അധ്യക്ഷത വഹിക്കും. വിവരങ്ങൾക്ക് -9745591965, 9745849870,9947669579